" ഭൂരഹിത പുനരധിവാസ പദ്ധതി "പ്രകാരം ലഭിച്ച ഭൂമിയും, ഭവനവും, വിൽക്കുന്നതിനോ പണയപ്പെടുത്തുന്നതിനോ, വാടകയ്ക്ക് നൽകുന്നതിനോ, മറ്റാർക്കെങ്കിലും കൈമാറുന്നതിനോ പാടില്ല എന്ന ഉത്തരവാണ് പട്ടികജാതി/പട്ടികവർഗ്ഗ വകുപ്പ്പുറത്തിറക്കിയത് .
എന്നാൽ ഗുണഭോക്താക്കളുടെ കാലശേഷം പ്രാബല്യത്തിൽ വരത്തക്ക വിധം നിയമപ്രകാരമുള്ള അനന്തരാവകാശികളിൽ ഒരാൾക്ക് കൈമാറാവുന്നതാണ്.
ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം ലഭിച്ച് വീടും വസ്തുവും വിവിധ ആവശ്യങ്ങൾക്കായി പണയപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നേടി നിരവധി അപേക്ഷകൾ സർക്കാരിൽ ലഭിച്ചതിനാൽ സർക്കാർ നിർദേശ പ്രകാരം വിഷയം സംബന്ധിച്ച് പട്ടികജാതി വകുപ്പ് ഡയറക്ടർ സർക്കാരിന് നിർദേശങ്ങൾ സമർപ്പിച്ചിരുന്നു.
ഇതു പ്രകാരം 03 - 10- 1989 ലെ ഉത്തരവ് ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവിലെ പ്രധാന നിർദേശം താഴെ പറയുന്നതാണ്.
"ഭൂരഹിത പുനരധിവാസ പദ്ധതി " പ്രകാരം പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ലഭ്യമായ ഭൂമിയും, ഭവനവും വിൽക്കുന്നതിനോ, പണയപ്പെടുത്തുന്നതിനോ, വാടകയ്ക്ക് നൽകുന്നതിനോ, മറ്റാർക്കെങ്കിലും കൈമാറുന്നതിനോ, പാടില്ലാത്തതാണ്.
എന്നാൽ ഭവന നിർമ്മാണം, തനിക്കോ കുടുംബാംഗങ്ങൾക്കോ ഉണ്ടാകുന്ന ഗുരുതരമായ അസുഖം, പെൺമക്കളുടെ വിവാഹം കുട്ടികളുടെ വിദ്യാഭ്യാസം എന്നീ ആവശ്യങ്ങൾക്കായി
ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റ് /കോർപ്പറേഷൻ/ പട്ടികജാതി വികസന ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ, അർഹരായ പൊതുമേഖലാ /ഷെഡ്യൂൾഡ് / സഹകരണ ബാങ്കുകൾ / പട്ടികജാതി പട്ടികവർഗ്ഗ വികസ കോർപ്പറേഷൻ എന്നിവയിൽ വായ്പ്പയ്ക്കായി പണയപ്പെടുത്താവുന്നതാണ്.
സർക്കാരിനു വേണ്ടി പ്രണബ് കുമാർജോതി നാഥ് ഐ എസ് ആണ് ഉത്തരവിറക്കിയത് .
സർക്കാർ അനുകൂല്യത്തിലൂടെ ഭൂമിയും, വീടും സ്വന്തമാക്കിയ ശേഷം അത് കൈമാറ്റം ചെയ്യുകയും, പിന്നീട് വീണ്ടും അനുകൂല്യങ്ങൾക്കായി സർക്കാരിനെ സമീപിക്കുകയും ചെയ്യുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണ് കർശന നിലപാടിലേക്ക് സർക്കാർ നീങ്ങിയത്.
ആനുകൂല്യങ്ങൾ ലഭിച്ചവർക്ക് തന്നെ വീണ്ടും, വീണ്ടും ലഭിക്കുകയും, അർഹരായ നിരവധി പേർ പുറത്ത് നിൽക്കുകയും ചെയ്യുന്ന അവസ്ഥ അവസാനിപ്പിക്കാൻ പുതിയ ഉത്തരവ് ഉപകാരപ്പെടും.

