ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് കരസ്ഥമാക്കി
ആറു ഉപജില്ലകളിലായി 36 സ്‌കൂളുകൾക്ക് നൂറുമേനി
താമരശ്ശേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ സംസ്ഥാനതലത്തിൽ തന്നെ രണ്ടാംസ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി താമരശ്ശേരി വിദ്യാഭ്യാസ ഉപജില്ല.
642 ആൺകുട്ടികളും 1366 പെൺകുട്ടികളും ഉൾപ്പെടെ 2008 എസ്.എസ്.എൽ.സി വിദ്യാർഥികളാണ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഫുൾ എ പ്ലസ് നേട്ടത്തിന്റെ പകിട്ട് സ്വന്തമാക്കിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയ മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ് 3024 ഫുൾ എ പ്ലസോടെ ഇക്കാര്യത്തിൽ ഒന്നാമതെത്തിയത്.
1965 വിദ്യാർഥികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വടകര വിദ്യാഭ്യാസ ജില്ലയാണ് മൂന്നാം സ്ഥാനത്തിന് അവകാശിയായത്. 573 ആൺകുട്ടികളും 1392 പെൺകുട്ടികളും വടകരയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
താമരശ്ശേരി, ബാലുശ്ശേരി, പേരാമ്പ്ര, മുക്കം, കുന്ദമംഗലം, കൊടുവള്ളി എന്നീ ആറു ഉപജില്ലകൾ ഉൾപ്പെട്ട താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 15391 വിദ്യാർഥികളിൽ 15318 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 99.53 ആണ് വിജയശതമാനം.
പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച് 36 സ്‌കൂളുകളാണ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ നൂറുമേനി വിജയം കൊയ്തത്.
