Trending

പാലക്കാട് ചരക്കുലോറിയും ബസും കൂട്ടിയിടിച്ച് ഇരുപതിലധികം പേര്‍ക്ക് പരുക്ക്


പാലക്കാട് : തച്ചമ്പാറ മുള്ളത്തുപാറയില്‍ ചരക്കുലോറിയും വനം വകുപ്പിന്റെ ബസും കൂട്ടിയിടിച്ച് 20 ലധികംപേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം. നാമക്കല്ലിലേക്ക് നാളികേരം കയറ്റിപോകുന്ന ലോറിയും നിലമ്പൂരിലേക്ക് പോകുന്ന വനം വകുപ്പിന്റെ ബസുമാണ് അപകടത്തില്‍പ്പെട്ടത്. ബസ് വളവിലെ ബാരിക്കേഡില്‍ ഇടിച്ചുനിന്നു. അമിത ലോഡുമായി വന്ന ലോറി റോഡില്‍ മറിഞ്ഞു. വാളയാറിലെ എസ്.എഫ്.ടി.ഐ. ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നിലമ്പൂരില്‍ പരിശീലനത്തിന് പോകുന്ന 32 പേരാണ് ബസിലുണ്ടായിരുന്നത്. ബസിലെ 20 പേര്‍ക്ക് പരുക്കേറ്റു. ലോറി ഡ്രൈവര്‍ക്കും പരുക്കുണ്ട്. പരുക്കേറ്റ ആലപ്പുഴ ഹരിപ്പാട് മുട്ടംകുന്നപ്പള്ളി ജഗദീഷിന്റെ ഭാര്യ ദീപാലക്ഷ്മി (32), ആലത്തൂര്‍ 
കല്ലംകുളം നാരായണന്റെ മകന്‍ മനു (31), വാളയാര്‍ എസ്.എഫ്.ടി.ഐ.യിലെ സുരേന്ദ്രന്റെ മകന്‍ സനല്‍ (30) എന്നിവര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവര്‍ തച്ചമ്പാറ, കുന്തിപ്പുഴ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സതേടി.

അപകടം നടന്ന ഉടന്‍ കല്ലടിക്കോട് പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. മറിഞ്ഞ ലോറിയില്‍നിന്ന് ഓയില്‍ ഒഴുകി റോഡില്‍ വഴുക്കലുണ്ടായി. ലോറിയിലെ ലോഡ് മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിലെ വളവും മിനുസവുമാണ് മുള്ളത്തുപാറ സ്ഥിരം അപകടമേഖലയാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post