മുന്‍ എം.എല്‍.എയും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും സഹകാരിയുമായിരുന്ന പ്രയാര്‍ ഗോപാകൃഷ്ണന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു. ഇടതുസര്‍ക്കാരുമായി ഇടഞ്ഞ പ്രയാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് വിവാദമായിരുന്നു. 73 ആം വയസിലും പൊതുമണ്ഡലത്തില്‍ സജീവമായിരുന്നു പ്രയാറിന്‍റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. ഡ്രൈവറുമൊത്ത് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. വട്ടപ്പാറയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. ഇടതുപക്ഷത്തിന്‍റെ കോട്ടയായ ചടയമംഗലം 2001ല്‍ പിടിച്ചെടുത്താണ് പ്രയാര്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്.
.ദേവസ്വംബോര്‍ഡ് പ്രസിഡന്‍റായിരുന്ന പ്രയാര്‍ എന്നും വിശ്വാസികളുടെ പക്ഷത്തായിരുന്നു. ശബരിമലയുടെ േപരിലാണ് ആദ്യ പിണറായി സര്‍ക്കാരുമായി പ്രയാര്‍ വിയോജിച്ചത്. ശബരിമല സ്ത്രീപ്രവേശനത്തിലെ വിധിക്ക് മുന്‍പുള്ള നിയമപോരാട്ടം പ്രയാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ആയിരിക്കെയാണ്. എല്‍ഡി എഫ് സര്‍ക്കാരും പ്രയാറും വ്യത്യസ്ത നിലപാടുകളായിരുന്നു സ്വീകരിച്ചത്. ഇതോടെ ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെ കാലാവധി നാലു വര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമാക്കാന്‍ പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. മുന്നോക്ക വികസന കോര്‍പ്പറേഷന്‍റെ ആദ്യ ചെയര്‍മാനെന്ന് പദവിയിലും പ്രയാര്‍ ശോഭിച്ചു. കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങളില്‍ നിലപാടുകള്‍ പറയാന്‍ മടിക്കാതിരുന്ന പ്രയാര്‍ ചടയമംഗലം സീറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കാനുള്ള നീക്കത്തെ പലതവണ തുറന്ന് എതിര്‍ത്തിരുന്നു.
