കാഞ്ഞങ്ങാട്: കാലിച്ചാനടുക്കത്ത് യുവാവിന്റെ എയർഗൺ കൊണ്ടുള്ള വെടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. കാലിച്ചാനടുക്കം വളാപ്പാടിയിലെ സക്കറിയ എന്ന തങ്കച്ചൻ (52), പള്ളിപ്പറമ്പിൽ ബെന്നി (50) എന്നിവർക്കാണ് വെടിയേറ്റത്.
കാലിച്ചാനടുക്കത്തെ റിട്ട. എസ്ഐ ജോസഫിന്റെ മകൻ ബിജു (42) ആണ് വെടിവച്ചത്. ഇയാൾക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബെന്നിയുടെ കൈയിലും മുതുകിലും സക്കറിയയ്ക്ക് വയറിലുമാണ് വെടിയേറ്റത്. വിവരമറിഞ്ഞെത്തിയ അമ്പലത്തറ പൊലീസിന് നേരെയും ഇയാൾ വെടിവച്ചു.
ശനി രാവിലെ 9.30നാണ് സംഭവം. പുറത്തുപോയിരുന്ന ബിജു വെള്ളി പകൽ വീട്ടിലെത്തിയപ്പോഴാണ് അക്രമാസക്തനായത്. അച്ഛനെ വീട്ടിൽ നിന്നും പുറത്താക്കി വാതിലും ഗേറ്റും അകത്തുനിന്ന് പൂട്ടി. വീട്ടിൽ കയറരുതെന്ന് ആക്രോശിച്ചു.
വീട്ടിൽ കയറാൻ ശ്രമിച്ചപ്പോൾ കൈയിലുള്ള എയർഗൺ എടുത്ത് ഭീഷണിയായി. ഇതോടെ വീട്ടുകാർ അമ്പലത്തറ പൊലീസിൽ വിവരം അറിയിച്ചു. എസ്ഐ ദാമോദരന്റെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തി യുവാവിനെ അനുനയിപ്പിച്ചെങ്കിലും നടന്നില്ല. പൊലീസിനുനേരേയും ഭീഷണി ഉയർത്തി. വീടിനു മുകളിൽ കയറി തോക്കുചൂണ്ടി. കൂടുതൽ പ്രകോപനം ഒഴിവാക്കാൻ പൊലീസ് പിൻവാങ്ങി.
വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കാതെ രാത്രി മുഴുവൻ ബിജു വാതിലടച്ച് അകത്ത് കഴിച്ചുകൂട്ടി. ശനി രാവിലെ വീണ്ടും അക്രമാസക്തനായി, മുറ്റത്തുണ്ടായിരുന്ന ഇരുചക്രവാഹനം കത്തിച്ചു. വിവരമറിഞ്ഞെത്തിയപ്പോഴാണ് തങ്കച്ചനും ബെന്നിക്കും വെടിയേറ്റത്. ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്ഐ വിജയകുമാർ എന്നിവർ ഒടുവിൽ നേതൃത്വത്തിൽ യുവാവിനെ കീഴ്പ്പെടുത്തി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
