Trending

ബാധ്യത മറച്ചുവെച്ച് ഭൂമി വിൽപ്പന കരാറുണ്ടാക്കി തമിഴ്നാട് സ്വദേശിയിൽ നിന്നും 2015000 രൂപ തട്ടിയെടുത്തു, തട്ടിപ്പ് നടത്തിയത് സ്ഥലമുടമയും, ഇടനിലക്കാരും ചേർന്ന്. നികുതി ശീട്ട് വെച്ച് സ്ഥലമുടമ 70000 രൂപയുടെ സ്കൂട്ടറിന് ശ്രീരാം ഫൈനാൻസിൽ നിന്നും വായ്പയെടുത്തു, തിരിച്ചടവ് മുടങ്ങിയതിനാൽ 26 ലക്ഷത്തിൻ്റെ വീട് ശ്രീറാം കൈക്കലാക്കി മറിച്ച് വിറ്റു.വീടിൻ്റെ യഥാർത്ഥ ആധാരം കേരളാ ബാങ്കിൽ. ഒന്നുമറിയാതെ പെട്ടത് തമിഴ് കുടുംബം, ആത്മഹത്യാ ഭീഷണിയെ തുടർന്ന് ജപ്തിക്ക് എത്തിയ അമീനും,പോലീസും ഇന്ന് പിന്തിരിഞ്ഞു.


താമരശ്ശേരി പരപ്പന്‍പൊയിലില്‍ തമിഴ്‌നാട് കുടുംബം വിലക്ക് വാങ്ങിയ വീടും സ്ഥലവും ഒഴിപ്പിക്കാന്‍ പോലീസും ആമീനും എത്തി

താമരശ്ശേരി: പരപ്പന്‍പൊയിലില്‍ തമിഴ്‌നാട് കുടുംബം വിലക്ക് വാങ്ങിയ വീടും സ്ഥലവും ഒഴിപ്പിക്കാന്‍ പോലീസും ആമീനും എത്തി. ജപ്തി ഭീഷണി നേരിടുന്ന വിവരം മറച്ചു വെച്ച് 21 ലക്ഷം രൂപ കൈക്കലാക്കി വീടും സ്ഥലവും രജിസ്റ്റര്‍ ചെയ്തു നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ മജീദും ഇടനിലക്കാരും ചേര്‍ന്നാണ് മൂന്ന് ഘട്ടങ്ങളിലായി 21.15 ലക്ഷം രൂപ കൈക്കലാക്കിയത്. വീട്ടില്‍ താമസമാക്കിയെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജപ്തി ചെയ്തതാണെന്ന് കാണിച്ച് പോലീസും ആമീനും എത്തിയതോടെയാണ് തമിഴ് കുടുംബം കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്

15 വര്‍ഷത്തോളമായി കേരളത്തില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ കുടുംബമാണ് തട്ടിപ്പിന് ഇരയായത്. പലയിടങ്ങളില്‍ വാടകക്ക് താമസിക്കുകയായിരുന്ന പളനി സ്വദേശി റഫീഖ് വാടക വീട് അന്വേഷിച്ചെത്തിയപ്പോള്‍ ബ്രോക്കറായ ചന്ദ്രനാണ് വീട് വില്‍പ്പനക്കുണ്ടെന്ന് അറിയിച്ചത്. പത്തര സെന്റ് സ്ഥലവും വീടും 25.5 ലക്ഷം രൂപക്കാണ് വില്‍പ്പന നടത്തിയത്. ആധാരം പണയത്തിലാണെന്നും 10 ലക്ഷം അഡ്വാന്‍സ് നല്‍കിയാല്‍ ബേങ്കില്‍ നിന്ന് ആധാരം എടുക്കാമെന്നും അറിയിച്ചതിനാല്‍ ബ്രോക്കര്‍മാരായ ചന്ദ്രന്‍, അസീസ്, ഹമീദ് എന്നിവര്‍ മുഖേനെ പത്ത് ലക്ഷം നല്‍കി.

2021 മാര്‍ച്ചിലാണ് പണം നല്‍കിയത്. വീണ്ടും മൂന്ന് ലക്ഷം കൂടി കൈക്കലാക്കിയെങ്കിലും ബേങ്കില്‍ പണം അടച്ചിരുന്നില്ല. പിന്നീട് ഏഴ് ലക്ഷത്തി പതനിയ്യായിരം വാങ്ങി ബ്രോക്കറായ ചന്ദ്രന്‍ ബേങ്കില്‍ അടച്ചു. 20.15 ലക്ഷം രൂപ നല്‍കിയെങ്കിലും വീടും സ്ഥലവും രജിസ്റ്റര്‍ ചെയ്ത് കൊടുക്കാനുള്ള യാതൊരു നീക്കവും ഭൂ ഉടമയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഇതിനിടെ മധ്യസ്ഥര്‍ ഇടപെട്ട് വീടിന്റെ താക്കോല്‍ വാങ്ങി നല്‍കി. റഫീഖും കുടുംബവും താമസം ആരംഭിച്ച് ദിവസങ്ങള്‍ക്കകം വീട് ജപ്തി ചെയ്തതാണെന്നും ലേലം വിളിച്ചെടുത്തയാള്‍ക്ക് വിട്ടു കൊടുക്കണമെന്നും പോലീസും ആമീനും ഉള്‍പ്പെടെ എത്തിയതോടെയാണ് കബളിപ്പിക്കപ്പെട്ടതായി ഇവര്‍ അറിയുന്നത്.

ശ്രീരാം ഫിനാന്‍സില്‍ നിന്നും സ്‌കൂട്ടര്‍ വായ്പയെടുത്തതിന്റെ പേരിലാണ് 25 ലക്ഷം രൂപ വിലയുള്ള വസ്തു ജപ്തി ചെയ്തത്. മറ്റൊരു ബേങ്കില്‍ ആധാരം പണയത്തിലിരിക്കെ ഇതേ വസ്തുവിന്റെ പേരില്‍ എങ്ങിനെ വാഹന വായ്പ നല്‍കി എന്നതിനെ കുറിച്ച് ആര്‍ക്കും മറുപടിയില്ല. ഇത് അഞ്ചാം തവണയാണ് വീടൊഴിപ്പിക്കാന്‍ പോലീസ് സഹായത്തോടെ ആമീന്‍ എത്തിയത്. തട്ടിപ്പിനിരയായത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും താമരശ്ശേരി പോലീസിലും റഫീഖ് പരാതി നല്‍കിയിരുന്നു. ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതി തുടര്‍ നടപടിക്കായി താമരശ്ശേരി ഡി വൈ എസ് പി ക്ക് കൈമാറുകയും ചെയ്തു.

ഇതു പ്രകാരം പോലീസ് ഇരു വിഭാഗത്തേയും വിളിച്ചു വരുത്തി സംസാരിച്ചെങ്കിലും പണം തിരികെ ലഭിക്കുന്നതിനോ സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിനോ നടപടി ഉണ്ടായിട്ടില്ല. ഭൂ ഉടമയായ അബ്ദുല്‍ മജീദ് ജപ്തി സംബന്ധിച്ച വിവരങ്ങള്‍ മറച്ചു വെച്ചാണ് പണം വാങ്ങിയെടുത്തത്. ബേങ്കില്‍ അടക്കാന്‍ നല്‍കിയ പണവുമായി തന്റെ മകന്‍ കടന്നു കളയുകയായിരുന്നുവെന്നാണ് അബ്ദുല്‍ മജീദ് പറയുന്നത്. പ്രായമായ മാതാപിതാക്കളും ഭാര്യയും കുട്ടിയുമടങ്ങിയതാണ് റഫീഖിന്റെ കുടുംബം. കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post