താമരശ്ശേരി: താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റ് പരിസരത്തെ ലഹരി മാഫിയാ സംഘത്തിനെതിരെ പോലീസ് നടപടി ശക്തമാക്കി.
ചെക്ക് പോസ്റ്റ് പരിസരത്തെ കടകൾക്ക് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി രാത്രി 10 മണി വരെ മാത്രമായി ചുരുക്കി.
പോലീസ് പെട്രോളിംഗ് ശക്തമാക്കും.
അനാവശ്യമായി ഈ ഭാഗത്ത് ചുറ്റി നടക്കുന്നവർക്കെതിരെയും നടപടിയെടുക്കും.
പ്രദേശം ലഹരി മാഫിയകൾ കയ്യടക്കിയത് കാരണം പ്രദേശവാസികൾക്ക് വഴി നടക്കാൻ പോലും പറ്റാത്ത സാഹചര്യത്തിൽ നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി ശക്തമാക്കിയത്.
വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന യുവാക്കൾ ഈ ഭാഗത്ത് തമ്പടിച്ച് വ്യാപകമായി ന്യൂ ജൻ മയക്കുമരുന്നുകളും, മദ്യവും, കഞ്ചാവും വിൽപ്പന നടത്തുകയും, ഉപയോഗിക്കുകയും ചെയ്തു വരുന്നുണ്ടായിരുന്നു.
നാട്ടുകാർ ഉപയോഗിക്കുന്ന പോക്കറ്റ് റോഡ് അടക്കം ബൈക്കുകളും, കാറുകളും നിർത്തി മറ്റുള്ളവർക്ക് യാത്ര ചെയ്യാൻ പോലും പറ്റാത്ത സാഹചര്യവും ഇവിടെ ഉണ്ടായിരുന്നു.
പകൽ സമയത്തും ആളുകൾ എത്താറുണ്ടെങ്കിലും, സന്ധ്യമയങ്ങുമ്പോഴാണ് കൂടുതൽ പേർ തമ്പടിക്കുന്നത്.
