Trending

ബസ് ബൈക്കിലിടിച്ച് യുവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം


ചാവക്കാട്: ദേശീയപാതയില്‍ ചേറ്റുവ സ്‌കൂളിന് സമീപം ബസ് ബൈക്കിലിടിച്ച് യുവദമ്പതിമാര്‍ മരിച്ചു. ബൈക്കില്‍ യാത്രചെയ്തിരുന്ന ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണിയുടെയും ഫാത്തിമയുടെയും മകന്‍ മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവെബ (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ഏങ്ങണ്ടിയൂര്‍ സനാതന പ്രവര്‍ത്തകര്‍ ഉടനെ തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സഹോദരിയുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞ് ചാവക്കാട്ടേക്ക് ബൈക്കില്‍ മടങ്ങിവരുകയായിരുന്നു ഇരുവരും. കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടിലോടുന്ന അലീനാസ് ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ബസും ചാവക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു. എതിരേനിന്ന് വരുകയായിരുന്ന മറ്റൊരു വാഹനം ബൈക്കിന്റെ ഹാന്‍ഡിലില്‍ ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് ഇടത്തുകൂടെ പോയിരുന്ന ബസിനടിയിലേക്കു മറിയുകയും ഇരുവരുടെയും ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയുമായിരുന്നു. അജ്മലും ഷഫാനയുമാണ് മുനൈഫിന്റെ സഹോദരങ്ങള്‍.

കല്യാണവീട് മരണവീടായി..

ചാവക്കാട്: ചേറ്റുവയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച അഞ്ചങ്ങാടി സ്വദേശി മുനൈഫ് സഹോദരി ഷഫാനയുടെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിവാഹത്തിനായാണ് വെള്ളിയാഴ്ച ദുബായില്‍നിന്ന് നാട്ടിലെത്തിയത്. മുംബൈ സ്വദേശിയായ ഭാര്യ സുവെബ ഒരാഴ്ച മുമ്പാണ് ഭര്‍തൃസഹോദരിയുടെ വിവാഹത്തിന് മുംബൈയില്‍നിന്ന് നാട്ടിലെത്തിയത്. അപകടത്തില്‍ ഇരുവരും മരിച്ച വിവരമറിഞ്ഞ് കല്യാണവീട്ടില്‍നിന്ന് നിലവിളി ഉയര്‍ന്നു. നാല് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. വിദേശത്തുള്ള മറ്റൊരു സഹോദരന്‍ അജ്മല്‍ സഹോദരിയുടെ വിവാഹത്തിന് ഞായറാഴ്ചയാണ് നാട്ടിലെത്താനിരുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post