താമരശ്ശേരി: ഏത് പ്രതിസന്ധിഘട്ടത്തിലും ആർക്കും എപ്പോഴും വിളിച്ച് സഹായമഭ്യർത്ഥിക്കാവുന്ന ജീവകാരുണ്യ പ്രവർത്തകൻ, രക്തദാനമെന്ന മഹാദാനത്തിൻ്റെ മഹത്വം സ്വന്തം ജീവിതം കൊണ്ട് സമൂഹത്തിന് പകർന്ന് നൽകിയ യുവാവ്, കോവിഡ് കാലത്ത് ഹെൽപ്പ് ഡെസ്കിൻ്റെ ഭാഗമായി നിസ്വാർത്ഥ സേവനം നടത്തിയ മനുഷ്യ സ്നേഹി, അശരണർക്കും പാലിയേറ്റീവ് രോഗികൾക്കും ഭിന്നശേഷി കുട്ടികൾക്കുമെല്ലാം തണലായി നിന്ന സുമനസ്സ്.... ഇങ്ങനെ വിശേഷണങ്ങൾ നിരവധിയുള്ള മാതൃകയെയാണ് താമരശ്ശേരി പുലിക്കുന്നുമ്മൽ ബിനോയി (45)യുടെ വിയോഗത്തിലൂടെ നാടിന് നഷ്ടമായിരിക്കുന്നത്.
കംപാഷണേറ്റ് കോഴിക്കോട് പദ്ധതിയുടെ സജീവ വളണ്ടിയറായിരുന്ന ബിനോയി ഏറെക്കാലം കോഴിക്കോട് കലക്ടറേറ്റിൽ താൽക്കാലിക ജീവനക്കാരനായി സേവനമനുഷ്ഠിച്ചിരുന്നു. ബ്ലഡ് ഡൊണേഷൻ ഫോറത്തിൻ്റെ പ്രവർത്തനത്തിലൂടെയാണ് ജീവകാരുണ്യ രംഗത്ത് അദ്ദേഹം സജീവമാവുന്നത്.
ബ്ലഡ് ഡോണേഴ്സ് ഫോറം കാലിക്കറ്റ് ചാപ്റ്റർ മുൻ പ്രസിഡൻറും ബ്ലഡ് ഡോണേഴ്സ് ക്ലബ്ബ് ജില്ലാ പ്രസിഡൻ്റുമായിരുന്നു.ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായുള്ള യെല്ലോ വിങ്സിൻ്റെ ട്രസ്റ്റി, ആൾ കേരള എമർജൻസി ബ്ലഡ് റിക്വസ്റ്റ് ടീം കോ ഓർഡിനേറ്റേർ, ബീറ്റ് ഓഫ് ഹാർട് ക്ലബ്ബ് ജില്ലാ പ്രസിഡൻ്റ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ വളണ്ടിയർ ,ഗവ.മെൻ്റൽ ഹെൽത്ത് സെൻ്റർ വളണ്ടിയർ, കംപോസിറ്റ് റീജ്യണൽ സെൻ്റർ ഫോർ പേഴ്സൺസ് വിത്ത് ഡിസബലിറ്റീസ് വളണ്ടിയർ, ജീവജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് അംഗം എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ചിരുന്നു അദ്ദേഹം.
അവശ്യ രോഗികൾക്ക് ഓടിനടന്ന് രക്തം നൽകുകയും രക്തദാതാക്കളെ സംഘടിപ്പിച്ച് നൽകുകയും ചെയ്തിരുന്ന ആ നല്ല മനുഷ്യൻ
ഇനി വിളിപ്പുറത്തില്ല.
കടപ്പാട്: അജയ് ശ്രീശാന്ത് *മാതൃഭൂമി*
https://chat.whatsapp.com/ErQ2UzQUso9J4E7EA8Qznp
