കോഴിക്കോട്: സെൽഫിയെടുക്കുന്നതിനിടയിൽ ട്രെയിൻ ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് റെയിൽവേ പാലത്തിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കരുവൻതിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. നഫാത്തും സുഹൃത്തും കൂടി സെൽഫി എടുക്കുന്നതിനിടയിൽ കോയമ്പത്തൂർ - മംഗളൂരു പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. ട്രെയിൻ ഇടിച്ച നഫാത്ത് പുഴയിലേക്ക് വീണു..
കൂടെയുണ്ടായിരുന്ന സുഹൃത്ത് പാളത്തിലേക്കും വീഴുകയായിരുന്നു. കാലിനും കൈക്കും പരുക്കേറ്റ സുഹൃത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
