Trending

എയർപോർട്ടിൽ ഇറങ്ങിയതിനു പിന്നാലെ കാണാതായി; അജ്ഞാത സംഘത്തിന്‍റെ മര്‍ദനമേറ്റ പ്രവാസി മരിച്ചു


മലപ്പുറം: വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ അജ്ഞാത സംഘത്തിന്റെ മർദനമേറ്റ പ്രവാസി മരിച്ചു. ജിദ്ദയിൽ നിന്നെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീലാണ് (42) മരിച്ചത്. റോഡരികിൽ പരിക്കേറ്റ് കിടന്നയാളാണെന്നു പറഞ്ഞ് അജ്ഞാതനാണ് ജലീലിനെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു.

അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച അജ്ഞാതന്‍ അബ്ദുല്‍ ജലീലിന്‍റെ ഭാര്യയെ വിളിച്ചറിയിച്ചു. പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്നു പോയി. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ 15ആം തിയ്യതി ജിദ്ദയില്‍ നിന്ന് എത്തുമെന്നാണ് അബ്ദുല്‍ ജലീല്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. സ്വീകരിക്കാന്‍ വീട്ടുകാര്‍ നെടുമ്പാശേരിയിലേക്ക് പുറപ്പെടാനിരുന്നപ്പോള്‍ അബ്ദുല്‍ ജലീല്‍ വേണ്ടെന്നു പറഞ്ഞു. താന്‍ വീട്ടിലേക്ക് എത്താമെന്ന് അറിയിച്ചു. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞിട്ടും അബ്ദുല്‍ ജലീല്‍ എത്തുകയോ ഫോണില്‍ വിളിച്ചിട്ട് കിട്ടുകയോ ചെയ്തില്ല. ഇതോടെയാണ് കുടുംബം അഗളി പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ താന്‍ വീട്ടിലേക്ക് വരികയാണെന്നും പരാതി പിന്‍വലിക്കണമെന്നും അബ്ദുല്‍ ജലീല്‍ ഫോണില്‍ വിളിച്ച് കുടുംബത്തോട് പറഞ്ഞു. വീട്ടുകാര്‍ ഇന്ന് പരാതി പിന്‍വലിക്കാനിരിക്കെ അബ്ദുല്‍ ജലീലിന് പരിക്കേറ്റു എന്ന് അജ്ഞാതന്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

വാഹനാപകടത്തിലുണ്ടാകുന്ന പരിക്കല്ല അബ്ദുല്‍ ജലീലിന്‍റെ ശരീരത്തിലുണ്ടായിരുന്നത്. ആരോ ആക്രമിച്ച തരത്തിലുള്ള പരിക്കാണ് ശരീരത്തിലുണ്ടായിരുന്നത്. ആക്രമണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post