താമരശ്ശേരിയിലെ സാംസ്ക്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ
ആർട്ട് ആൻ്റ് ലിറ്ററേച്ചർ ഇനിഷ്യേറ്റീവിൻ്റെ നേതൃത്വത്തിൽ താമരശ്ശേരി പബ്ലിക് ലൈബ്രറി മുറ്റത്തെ കിളിച്ചുണ്ടൻ മാവിനെ ഇന്ന് രാവിലെ ആദരിച്ചു ...
വിവിധ മേഖലകളിൽ മികവു തെളിയിക്കുന്ന പ്രതിഭകളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു വരുന്നത് ഇന്നത്തെകാലത്ത് വലിയ പുതുമയൊന്നുമല്ല , എന്നാൽ പാതയോരത്ത് വളർന്നു വരുന്ന ഒരു വൃക്ഷത്തിനെ ആദരിക്കുന്നത് തികച്ചും പുതുമയാർന്നൊരു വാർത്ത തന്നെയാണ് ....
ഇന്ന് ആദരിക്കപ്പെട്ട ഈ കിളിച്ചുണ്ടൻ മാവ് ശരിക്കും ആദരവ് ഏറ്റുവാങ്ങപ്പെടേണ്ട
ഒരു ജീവൻ്റെ തുടിപ്പു തന്നെയാണ് , ഇന്നിൻ്റെ പുതിയ ഭാഷ കടമെടുത്ത് പറഞ്ഞാൽ ശരിക്കുമൊരു അതിജീവിത . വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും പലതരത്തിലുള്ള മാനുഷിക പീഠനങ്ങൾ നിശ്ശബ്ദം ഏറ്റുവാങ്ങി അതിനെയെല്ലാം വെല്ലുവിളിച്ചു കൊണ്ട് പുതിയ
പുതിയ തളിർപ്പിൻ്റെ ശിഖരങ്ങൾ മുളപ്പിച്ചു ചേർത്തുവെച്ച് അതിജീവിച്ചു വിജയിച്ച കഥയാണ് താമരശ്ശേരിയുടെ ഈ അതിജീവിതയ്ക്ക് പറയാനുള്ളത് ...
അതു കൊണ്ട് തന്നെ താമരശ്ശേരിയുടെ പട്ടണ നടുവിൽ ഭാഗ്യത്തിൻ്റെ കനിവിൽ ആയുസ്സ് നീട്ടിക്കിട്ടിയ കിളിച്ചുണ്ടൻ മാവിന് നൽകിയ ആദരവ് അത്രമേൽ വികാരഭരിതവും ചരിത്രപരവുമാണ്.
മുളയിലെ നുള്ളി എറിയപ്പെടാമായിരുന്നിട്ടും ഈ മാവിന് വളരാനുള്ള ഒരിറ്റ് ആകാശവും ഒരു നുള്ള് ഭൂമിയും ഇവിടെ ബാക്കിയായത് തന്നെ അത്ഭുതമാണ് ...
മാവിൻ്റെ മാറിൽ പൊന്നാട ചുറ്റിയും , മാഞ്ചോട്ടിൽ കഥകൾ പറഞ്ഞും ഓർമ്മകൾ പുതുക്കിയും
സ്നേഹ സംഭാഷണങ്ങളുമായി ഒത്തുകൂടിയും , ചിത്രങ്ങൾ വരച്ചും ഇന്നിൻ്റെ പുലരി നിറമുള്ള അനുഭവമാക്കിയ ആർട്ട് ആൻ്റ് ലിറ്ററേച്ചർ ഇനീഷ്യേറ്റീവ് പ്രവർത്തക കൂട്ടായ്മ വളരുന്ന താമരശ്ശേരിക്ക് വരദാനമാണ് ...
താമരശ്ശേരിയിലെ പഴയ പഞ്ചായത്ത് കിണറിനടുത്ത് വർഷങ്ങളോളം ചെറുനാരങ്ങ വിറ്റ് ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന താമരശ്ശേരിക്കാർ നാരങ്ങസാമിയെന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന തമിഴ് നാടോടിയായ ഗംഗാധരസാമിയാണ് ചക്കര തേന്മാവിനെ ഈ മണ്ണിന് സമ്മാനിച്ചതെന്ന് ഇന്ന് ആരെങ്കിലും ഓർത്തിരുന്നോ എന്നറിയില്ല ...
തയ്യാറാക്കിയത്:എസ്.വി.സുമേഷ്
താമരശ്ശേരി
