മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഉമ്മുസൽമയുടേതായി സ്വീകരിച്ച രാജിക്കത്തിലെ ഒപ്പ് വ്യാജമെന്ന് ഫൊറൻസിക് റിപ്പോർട്ട്. തൃശൂർ റീജനൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ പരിശോധനയിലാണ് വ്യാജ ഒപ്പെന്ന് തെളിഞ്ഞത്. സത്യത്തിനായുള്ള പോരാട്ടം ഫലം കണ്ടെന്ന് പ്രസിഡന്റ് സി.കെ. ഉമ്മുസൽമ.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഉമ്മുസൽമ രാജിവച്ചതായി കാണിച്ച് 2021 ഡിസംബർ 20 നാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് ലഭിച്ചത്. രാജിക്കത്ത് സ്വീകരിച്ച് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടിക്ക് നൽകിയിരുന്നു. എന്നാൽ താൻ രാജി നൽകിയിട്ടില്ലെന്നും തന്റെ ഒപ്പ് വ്യാജമായി ചമച്ചാണ് കത്ത് നൽകിയതെന്നും കാണിച്ച് ഉമ്മുസൽമ പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി പന്ത്രണ്ടിന് രാജി റദ്ദാക്കിയതോടെ ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനത്ത് ഉമ്മുസൽമ തിരിച്ചെത്തുകയായിരുന്നു. രാജിക്കത്തിലെ ഒപ്പും ഉമ്മുസൽമയുടെ 36 ഒപ്പുകളും ബ്ലോക്ക് പഞ്ചായത്തിലെ രേഖകളും ഉമ്മുസൽമ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാൻ നൽകിയ അപേക്ഷയിലെ ഒപ്പും ഉൾപ്പെടെ പരിശോധിച്ചാണ് തൃശ്ശൂരിലെ റീജനൽ ഫൊറൻസിക് സയൻസ് ലാബ് റിപ്പോർട്ട് നൽകിയത്.
വ്യാജരേഖ ചമച്ചതിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ലീഗ് നേതാക്കളും ഉൾപ്പെടെ ആറു പേർക്കെതിരെ ഉമ്മുസൽമ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ലീഗ് പ്രതിനിധിയായി പ്രസിഡന്റ് പദത്തിലെത്തിയ ഉമ്മുസല്‍മ പിന്നീട് നേതൃത്വവുമായി തെറ്റുകയായിരുന്നു. പാര്‍ട്ടി രാജി ആവശ്യപ്പെട്ടെങ്കിലും ഉമ്മുസല്‍മ പ്രസിഡന്റ് പദം ഒഴിയാതെ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ടാണ് അവിശ്വാസ ചര്‍ച്ചയും വ്യാജ ഒപ്പുള്‍പ്പെെടയുള്ള ആക്ഷേപവുമുണ്ടായത്.
