ദില്ലി : തേർഡ് പാർട്ടി മോട്ടോർ വാഹന ഇൻഷുറൻസിന്റെ അടിസ്ഥാന പ്രീമിയം നിരക്കുകൾ വർധിപ്പിച്ച് കേന്ദ്രം. പുതുക്കിയ നിരക്കുകൾ 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. 2019-20 സാമ്പത്തിക വർഷത്തിലാണ് ഇതിനു മുൻപ് നിരക്കുകൾ പുതുക്കിയത്. കോവിഡ്-19 ബാധിച്ച സമയത്ത് നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു.
പുതിയ നിരക്കുകൾ പ്രകാരം, 1000 സിസിയിൽ കവിയാത്ത സ്വകാര്യ കാറുകളുടെ തേർഡ് പാർട്ടി ഇൻഷുറൻസിന്റെ വാർഷിക നിരക്ക് 2,094 രൂപയായി. 2019-20 വർഷത്തിൽ ഇത് 2,072 രൂപയായിരുന്നു. 1000 സിസിക്കും 1500 സിസിക്കും ഇടയിൽ എൻജിൻ ശേഷിയുള്ള സ്വകാര്യ കാറുകളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് 3,221 രൂപയിൽ നിന്ന് 3,416 രൂപയായി ഉയർത്തി. അതേസമയം 1500 സിസിക്ക് മുകളിൽ എൻജിൻ ശേഷിയുള്ള വലിയ സ്വകാര്യ വാഹനങ്ങളുടെ പ്രീമിയം 7,890 രൂപയിൽ നിന്ന് 7,897 രൂപയായി കുറയും.
