പൊലീസ് വാഹനത്തിൽ നിന്ന് കണക്കിൽപെടാത്ത 13,960 രൂപ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ സംഭവത്തിൽ ഗ്രേഡ് എസ്ഐ അടക്കം രണ്ട് പേർക്ക് സസ്പെൻഷൻ. പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജ്യോതികുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവർക്ക് എതിരെ ആണ് നടപടി. സ്റ്റേഷനിലെ പട്രോളിങ് വാഹനത്തിൽ നിന്ന് ഏപ്രിൽ ആറ് വെളുപ്പിന് ആണ് ഡ്രൈവർ സീറ്റിനു അടിയിൽ നിന്ന് ചുരുട്ടിയ നിലയിൽ 500, 200, 100 രൂപയുടെ നോട്ടുകൾ വിജിലൻസ് പിടിച്ചെടുത്തത്. രാത്രി റോഡ് പരിശോധനയ്ക്ക് ശേഷം വാഹനം തിരിച്ച് സ്റ്റേഷൻ വളപ്പിൽ എത്തിയപ്പോഴാണ് വിജിലൻസ് പരിശോധന.
വാഹനത്തിൽ നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് പറ്റി ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. പിടികൂടിയത് കൈക്കൂലിയായി ലഭിച്ച തുക എന്ന നിഗമനത്തിൽ ആണ് ശിക്ഷണ നടപടികൾ. തമിഴ്നാട്ടിൽ നിന്ന് അമിത ലോഡ് കയറ്റി എത്തുന്ന ലോറികളിൽ നിന്ന് ചില പൊലീസ് ഉദ്യോഗസ്ഥർ വൻതോതിൽ കൈക്കൂലി വാങ്ങുന്നതായി കഴിഞ്ഞ മാസം 25ന് മനോരമയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് വിജിലൻസ് നിരീക്ഷണം ശക്തമാക്കിയത്. രാത്രി പത്ത് മണിക്ക് ഡ്യൂട്ടി ആരംഭിച്ച വാഹനം വെളുപ്പിന് 4.30ന് സ്റ്റേഷനിൽ എത്തിയപ്പോൾ 13,960 രൂപ കൈക്കൂലിയായി കണ്ടെത്തിയത് ഉന്നത ഉദ്യോഗസ്ഥരെ തന്നെ ഞെട്ടിച്ചിരുന്നു.
