Trending

ആഭരണം വാങ്ങി തരണമെന്ന് ഭാര്യ; സ്വന്തം കാറിന് തീവച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ബിജെപി നേതാവ്, ഒടുവിൽ കുടുങ്ങി


ചെന്നൈ: തിരുവളളൂരിൽ സ്വന്തം കാറിന് തീ വെച്ച ബിജെപി നേതാവ് അറസ്റ്റിൽ.

കാർ കത്തിച്ചുവെന്ന് കാണിച്ച് പരാതിപ്പെട്ട ബിജെപി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

കാറിന് തീവെച്ചത് സതീഷ് കുമാർ തന്നെയാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്.

സതീഷ് കുമാറിന്റെ ചെന്നൈ മധുരവോയൽ ഏരിയയിലെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാർ ഏപ്രിൽ 14 വ്യാഴാഴ്ച അജ്ഞാതർ കത്തിച്ചുവെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധനക്കായി ശേഖരിച്ചു.

സിസിടിവി ദൃശ്യങ്ങളിൽ വെളള ഷർട്ട് ധരിച്ച ഒരാൾ റോഡിന്റെ സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് വരുന്നത് വ്യക്തമായിരുന്നു. തുടർന്ന് കാറിന്റെ എല്ലാ വശങ്ങളിലുമുളള ​ഗ്ളാസിലൂടെ അകത്തേക്ക് നോക്കുന്നു പിന്നീട് ഇയാൾ സൈക്കിൾ ചവിട്ടി സ്ഥലത്തുനിന്നും പോകുന്നതും കാണാമായിരുന്നു.

ഇതിന് ശേഷം മറ്റൊരാൾ കാറിൽ എന്തോ ഒന്ന് ഒഴിക്കുകയും സ്പ്രേ ചെയ്യുകയും ചെയ്തു. തുടർന്ന് തീയിടുന്നതും കാണാം. തീയിട്ട ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും കാണാം.

കാർ കത്തുന്നത് പ്രദേശവാസികൾ ബിജെപി നേതാവിന്റെ കുടുംബത്തെ അറിയിക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കാറിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞുവെന്ന സംശയം ഉയർന്നതോടെ പൊലീസ് ഉടൻ സ്ഥലത്തെത്തി.

എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കാറിന് തീയിട്ടയാൾക്ക് സതീഷ് കുമാറുമായി സാമ്യമുണ്ടെന്ന സംശയം പൊലീസുന്നയിച്ചു. തുടർന്ന് സതീഷ് കുമാറിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ കാറിന് താൻ തന്നെയാണ് തീകൊളുത്തിയതെന്ന് സതീഷ് സമ്മതിക്കുകയായിരുന്നു.

ഇൻഷുറൻസ് തുക കിട്ടുന്നതിന് വേണ്ടിയാണ് കാറിന് തീയിട്ടതെന്ന് സതീഷ് പൊലീസിനോട് പറഞ്ഞു. സ്വർണ്ണാഭരണം വാങ്ങിത്തരണമെന്ന് ഭാര്യ നിർബന്ധം പിടിച്ചപ്പോഴാണ് പണത്തിനായി ഇത് ചെയ്തതെന്നും സതീഷ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ സതീഷിന് പാരയാവുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post