Trending

പിഞ്ചുകുഞ്ഞിനെയും പിതാവിനെയും കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ കൂടി അറസ്റ്റിൽ


ഓച്ചിറ: പിഞ്ചുകുഞ്ഞിനെയും പിതാവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്ന് യുവാക്കളെക്കൂടി ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ പായിക്കുഴി ഐക്കരശേരിൽ അഭിജിത്ത് (അമ്പാടി -21), ഐക്കരശ്ശേരിൽ അനുജിത്ത് (19), പായിക്കുഴി ചിറയിൽ വിനീത് (20) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് പായിക്കുഴി തലവനത്തറയിൽ രഞ്ജുവിനെ (22) നേരത്തേ റിമാൻഡ് ചെയ്തിരുന്നു. അക്രമത്തിൽ പങ്കാളിയായ മറ്റൊരു പ്രതി രജിനു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

പ്രധാന പ്രതിയായ രഞ്ജു സൃഹൃത്തായ അഖിലിന്‍റെ കൈയിൽനിന്ന് രണ്ടുവർഷം മുമ്പ് സ്വർണ കമ്മൽ വാങ്ങി പണയം വെച്ചിരുന്നു. കമ്മൽ തിരികെ കൊ‌ടുക്കാത്തതിനെതുടർന്ന് ഇരുവരും തമ്മിൽ വാക്കു തർക്കം നടന്നു. കഴിഞ്ഞ മൂന്നിന് രണ്ട് വയസ്സുള്ള മകനുമായി അഖിൽ വലിയകുളങ്ങര ക്ഷേത്രത്തിലെ ഉത്സവം കാണാൻ എത്തിയപ്പോൾ രഞ്ജുവും കൂട്ടുകാരും ചേർന്ന് അഖിലിനെ മാരകമായി മർദിക്കുകയും മകനെ ചു‌ടുകട്ടകൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു

ചുടുകട്ട കൊണ്ട് ഇടിയേറ്റതിനെ തുടർന്ന് കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെതുടർന്ന് കുട്ടി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോഴും കഴിയുകയാണ്.

ഓച്ചിറ ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ നിയാസ്, എ.എസ്.ഐമാരായ വേണുഗോപാൽ, സന്തോഷ്, എസ്.സി.പി.ഒമാരായ രഞ്ചിത്ത്, കനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post