Trending

പ്രസിദ്ധ വാദ്യ കലാകാരൻ ഡോ തിരുവല്ല രാധാകൃഷ്ണന് ആദരം



കോഴിക്കോട്: വാദ്യ ലോകത്തു നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന പ്രസിദ്ധ വാദ്യ കലാകാരൻ ഡോ. തിരുവല്ല രാധാകൃഷ്ണനെ ആദരിച്ചു. കോഴിക്കോട് തളി മഹാക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി കൈലാസ മണ്ഡപത്തിൽ നടന്ന ചടങ്ങിലാണ് തിരുവല്ല രാധാകൃഷ്ണനെ ആദരിച്ചത്.

 തളി ദേവസ്വവും ചെണ്ടമേള കലാസ്വാദക സമിതിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ഡോ. തിരുവല്ല രാധാകൃഷ്ണനെ തളി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ബി മനോജ്‌ കുമാർ പൊന്നാട അണിയിച്ചു. 

തളി ക്ഷേത്രഉത്സവത്തിന്റെ വാദ്യ ചുമതല ഇത്തവണയും തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് നടന്നു വരുന്നത്. 14ന് കൊടി കയറിയ ഉത്സവത്തിന്റെ പള്ളിവേട്ട ചടങ്ങുകൾക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് തിരുവല്ല രാധാകൃഷ്ണനെ വാദ്യലോകത്തിന് നൽകിയ സേവനങ്ങളും സംഭാവനകളും കണക്കിലെടുത്ത് ആദരിച്ചത്.


നേരത്തെ അമേരിക്കയിലെ കിങ്‌സ് യൂണിവേഴ്സിറ്റി തിരുവല്ല രാധാകൃഷ്ണന് ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു. കൂടാതെ കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ പെരുമ്പിള്ളി ഗോവിന്ദൻ കുട്ടി മാരാർ സ്മാരക വാദ്യ കലാ പുരസ്‌കാരത്തിനും തിരുവല്ല രാധാകൃഷ്ണൻ അർഹനായിട്ടുണ്ട്.

 വർഷങ്ങളായി തൃശൂർ പൂരത്തിലെ നിറ സാന്നിധ്യവുമാണ് തിരുവല്ല രാധാകൃഷ്ണൻ.
 തളി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ബി മനോജ്‌ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി എം ബാലകൃഷ്ണൻ ഏറാടി, എൻ ഉദയകുമാർ, ഉണ്ണികൃഷ്ണൻ പി എം, റഫീഖ് പുതിയപാലം, മുരളി വെള്ളാട്ട്, പ്രദീപ് കുമാർ രാജ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


തളി മഹാക്ഷേത്ര ഉത്സവം പള്ളിവേട്ട ഇന്ന് നടക്കും. തുടർന്ന് ശനിയാഴ്ച നടക്കുന്ന ആറാട്ട് ചടങ്ങുകളോടെ ഉത്സവം സമാപിക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post