Trending

ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു, അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിൽ നാട്


കോഴിക്കോട്: മണിക്കൂറുകളുടെ ഇടവേളയിൽ ഭർത്താവും  ഭാര്യയും മരിച്ചു. കുന്ദമംഗലം പെരിങ്ങളം തമ്പലങ്ങോട്ട് സീതാലയം വീട്ടിൽ മുടവങ്ങാട്ട് മാധവൻ (69), ഭാര്യ തങ്കം (56) എന്നിവരാണ് മരണപ്പെട്ടത്. ഒരു ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാധവൻ ചൊവാഴ്ച്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ്  ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. 

വൈകുന്നേരം നാലു മണിയോടെ മൃതദേഹം വീട്ടിലെത്തിക്കുകയും ചടങ്ങുകൾക്ക് ശേഷം രാത്രി 11 മണിയോടെ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ  സംസ്കരിക്കാൻ ബന്ധുക്കൾ കൊണ്ടു പോവുകയും ചെയ്തു. ഇതിനിടെ ബുധനാഴ്ച രാത്രി 11.45 ഓടെ വീട്ടിൽ വെച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ട മാധവന്റെ ഭാര്യ തങ്കത്തെ  മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു. 

മാധവന്റെ സംസ്കാരം കഴിഞ്ഞ് വെസ്റ്റ്ഹില്ലിൽ നിന്ന് തിരിച്ചു വരികയായിരുന്ന ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് രാത്രി തങ്കയുടെ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് വീട്ടിലെത്തിച്ച് ചടങ്ങുകൾ പൂർത്തിയാക്കി വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെ വെസ്റ്റ്ഹിൽ ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. അസുഖബാധിതയായിരുന്ന തങ്കത്തെ  സഹായങ്ങളെല്ലാം ചെയ്ത് പരിചരിച്ച് വന്നിരുന്ന ഭർത്താവിൻ്റെ പെട്ടെന്നുള്ള വേർപാട് തങ്കത്തെ വല്ലാതെ തളർത്തിയിരുന്നു.  മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ദമ്പതികളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് ബന്ധുക്കളും നാട്ടുകാരും.  ശനിയാഴ്ച.യാണ് സഞ്ചയനം.

T News

working in the field of advertising and printing

Post a Comment

Previous Post Next Post