കോഴിക്കോട്: കോടഞ്ചേരി മിശ്ര വിവാഹ വിവാദത്തില്‍ സിപിഐഎമ്മിനെ കടന്നാക്രമിച്ച് മുസ്ലീംലീഗ്. ലൗ ജിഹാദ് വിഷയം ഉത്തേരേന്ത്യയില്‍ ബിജെപി ഉയര്‍ത്തുമ്പോള്‍ കേരളത്തില്‍ സിപിഐഎം ഏറ്റെടുക്കുന്നു എന്നാണ് വിമര്‍ശനം. കേരളത്തില്‍ മതധ്രൂവീകരണമുണ്ടാക്കാനുള്ള ശ്രമം സിപിഎം ആസൂത്രിതമായി നടത്തുകയാണ് എന്നും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു. സിപിഐഎം നേതാവ് ജോര്‍ജ് എം തോമസിന്റെ ലൗ ജിഹാദ് പരാമര്‍ശത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ മുസ്ലീം വിഭാഗങ്ങളെ പരസ്പരം ഭിന്നിപ്പിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. സിപിഐഎം ന്റെ ഭാഗമായവരില്‍ മിശ്ര വിവാഹം കഴിച്ചവര്‍ നിരവധിയുണ്ട്. അപ്പോളൊന്നുമില്ലാത്ത ലവ് ജിഹാദ് ആണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കിയവരാണ് സിപിഐഎമ്മുകാര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലൗജിഹാദ് സംബന്ധിച്ച് പാര്‍ട്ടി രേഖകളില്‍ വന്നുവെന്നും പറയുന്നു പാര്‍ട്ടി സമ്മേളനം ചര്‍ച്ച ചെയ്‌തെന്നുമാണ് സിപിഐഎം നേതാക്കള്‍ പറയുന്നത്. എന്താണ് ചര്‍ച്ച ചെയ്തതും രേഖകളില്‍ ഉള്ളതെന്നും വ്യക്തമാക്കാന്‍ നേതാക്കള്‍ തയ്യാറാവണം എന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.
കെഎം ഷാജിയുടെ ഭാര്യയുടെ സ്വത്തുക്കള്‍ കണ്ട് കെട്ടിയ ഇഡി നടപടിയെയും പിഎംഎ സലാം വിമര്‍ശിച്ചു. കേന്ദ്ര ഏജന്‍സികളെ കൊണ്ട് നേതാക്കളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ ഒത്താശചെയ്യുകയാണ്. കെഎം ഷാജിക്ക് മുസ്ലീം ലീഗിന്റെ പുര്‍ണ പിന്തുണയുണ്ട്. കെ എം ഷാജി നിരപരാധിയെന്ന് തെളിയുമെന്നും പിഎംഎ സലാം പ്രതികരിച്ചു.കണ്ണൂരില്‍ നടന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനെയും ലീഗ് നേതാക്കള്‍ വിമര്‍ശിച്ചു. നിലവാരമില്ലാത്ത ചര്‍ച്ചകള്‍ ആയിരുന്നു സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം. ജനകീയ വിഷയങ്ങളും, പ്രശ്‌നങ്ങളുമായിരുന്നു നേരത്തെ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയായത് കെവി തോമസും, കെ റെയിലും മാത്രമാണ്. കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നതായിരുന്നു പ്രധാന അജണ്ട. പ്രാദേശിക വിഷയങ്ങള്‍ മാത്രം പരിഗണിക്കുന്ന നിലുയണ്ടായി. ബിജെപി വിരുദ്ധമായി ഒരു ചര്‍ച്ചയും നടന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
