Trending

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞ് ഒരു കോടി രൂപ കവർന്നു; 10 മലയാളികൾ പിടിയിൽ


ബെംഗളൂരു  നഗരത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞുനിർത്തി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ പത്തു മലയാളികൾ അറസ്റ്റിൽ. തൃശൂർ സ്വദേശി പി കെ രാജീവ്, ചാലക്കുടി സ്വദേശികളായ വിഷ്ണുലാൽ, ടി സി സനൽ, എറണാകുളം മരട് സ്വദേശി അഖിൽ, നിലമ്പൂർ സ്വദേശികളായ ജസിൻ ഫാരിസ്, സനഫ്, സമീർ, സൈനുലാബ്ദീൻ, എ പി ഷെഫീഖ്, റംഷീദ് മുസ്താഫ് എന്നിവരെയാണ് മാദനായകനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

പിടിയിലായവരിൽ നിന്ന് 10 ലക്ഷത്തോളം രൂപയും രണ്ടു കാറും ആയുധങ്ങളും പിടിച്ചെടുത്തു. മാർച്ച് 11ന് നൈസ് റോഡിൽ മാദനായകനഹള്ളിയിൽ വച്ചാണ് സംഭവം. ഹുബ്ബള്ളിയിലെ ബ്രാഞ്ചുകളിൽ നിന്നുള്ള പണവുമായി നാഗർകോവിലിലേക്ക് പോവുകയായിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച് പണം കവരുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ സംഘത്തിലുൾപ്പെട്ടവരാണ് പിടിയിലായതെന്ന് ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് കെ വംശി കൃഷ്ണ പറഞ്ഞു. കൊള്ളമുതലിന്റെ ബാക്കിയുള്ള 90 ലക്ഷം രൂപ ഇയാളുടെ കൈവശമുണ്ടെന്നാണ് സംശയം. ഇയാൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post