തൃശൂര്‍ ചെന്ത്രാപ്പിന്നി വില്ലേജ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കെ റെയില്‍ വിരുദ്ധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസുകാരനും യൂത്ത് കോണ്‍ഗ്രസ് നേതാവിനും പരിക്കേറ്റും. പ്രതിഷേധകര്‍ കൊണ്ടുവന്ന ശവപ്പെട്ടി വില്ലേജ് ഓഫീസിലേക്ക് വലിച്ചെറിഞ്ഞു. ഗേറ്റിന് അപ്പുറത്ത് നില്‍ക്കുയായിരുന്ന പൊലീസുകാരന്റെ തലയിലാണ് ശവപ്പെട്ടി വീണത്. ഇതോടെ പ്രതിഷേധകര്‍ വില്ലേജ് ഓഫീസിലേക്ക് വലിച്ചെറിഞ്ഞ സര്‍വ്വേക്കല്ലുകളുടെ മാതൃകയും ശവപ്പെട്ടിയും പൊലീസുകാര്‍ തിരിച്ചെറിഞ്ഞു.
അപ്രതീക്ഷിതമായി ശവപ്പെട്ടി തിരിച്ചുവന്നതിനാല്‍ പ്രതിഷേധകര്‍ക്ക് തടയാനായില്ല. മുദ്രവാക്യം വിളിക്കുകയായിരുന്ന നേതാവിന്റെ തലയിലേക്ക് വീണു. ഇതേ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തിവീശി പ്രവര്‍ത്തകരെ ഓടിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സലീം കയ്പമംഗലം, കയ്പമംഗലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിജോ വില്‍ഫ്രഡ് എന്നിവര്‍ക്കാണ് ശവപ്പെട്ടി തലയില്‍ വീണ് പരിക്ക് പറ്റിയത്.
പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വലപ്പാട് ഇന്‍സ്പെക്ടര്‍ കെ.എസ്.സുശാന്ത്, കയ്പമംഗലം എസ്.ഐ സുബീഷ് മോന്‍, മതിലകം എസ്.ഐ വി.വി.വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് സ്ഥലത്തുണ്ടായിരുന്നത്. സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭ സുബിന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് അഴീക്കോട് അധ്യക്ഷനായി.
