Trending

ജോലി സമയത്ത് മദ്യലഹരിയിൽ ടി.ടി.ഇ; യാത്രക്കാരിക്ക് നേരേ അശ്ലീലചേഷ്ടകൾ, മകന്റെ ദേഹത്ത് മൂത്രമൊഴിച്ചു


നവിമുംബൈ: മദ്യലഹരിയിൽ യാത്രക്കാരിയോടും മകനോടും അപമര്യാദയായി പെരുമാറിയ ടി.ടി.ഇ.ക്കെതിരേ റെയിൽവേ പോലീസ് കേസെടുത്തു. ഡൽഹി സ്വദേശിയായ മനീഷ് മീണ(34)യ്ക്കെതിരേയാണ് കർജാത് റെയിൽവേ പോലീസ് ക്രിമിനൽ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്.

മാർച്ച് ഏഴാം തീയതിയാണ് ഹസ്രത് നിസാമുദ്ദീൻ-പൂണെ തുരന്തോ എക്സ്പ്രസിൽ യുവതിക്കും മകനും ദുരനുഭവമുണ്ടായത്. തീവണ്ടിയിലെ ടി.ടി.ഇയായ മനീഷ് യുവതിക്ക് നേരേ അശ്ലീല ചേഷ്ടകൾ കാണിച്ചെന്നും ബർത്തിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മകന്റെ ദേഹത്ത് മൂത്രമൊഴിച്ചെന്നുമാണ് പരാതി. ജോലിസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പൂണെ സ്വദേശിയായ 28-കാരി നൽകിയ പരാതിയിൽ പറയുന്നു.

ഡൽഹിയിൽനിന്നാണ് യുവതിയും പ്രായപൂർത്തിയാകാത്ത മകനും പൂണെയിലേക്ക് യാത്രതിരിച്ചത്. ബർത്തിൽ ഉറങ്ങുന്നതിനിടെയാണ് യുവതിയുടെ മകന്റെ ദേഹത്ത് ടി.ടി.ഇ. മൂത്രമൊഴിച്ചത്. ഉറങ്ങുന്നതിനിടെ മകന്റെ കരച്ചിൽ കേട്ടാണ് പരാതിക്കാരി എഴുന്നേറ്റത്. നോക്കിയപ്പോൾ ടി.ടി.ഇ.യായ മനീഷ് യുവതിയുടെ മുന്നിൽ ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ഇയാൾ മകന്റെ ദേഹത്ത് മൂത്രമൊഴിച്ചിരുന്നതായും പിന്നാലെ തനിക്ക് നേരേ അശ്ലീലചേഷ്ടകൾ കാണിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിന് പിന്നാലെ യുവതി ഭർത്താവിനെ ഫോണിൽവിളിച്ച് വിവരമറിയിച്ചു. ഭർത്താവ് റെയിൽവേ പോലീസിന്റെ ഹെൽപ് ലൈനിൽ വിളിച്ച് പരാതി പറഞ്ഞു. തുടർന്ന് തീവണ്ടി കർജാത് സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ പോലീസെത്തി ടി.ടി.ഇ.യെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്ക് പകരം മറ്റൊരു ടി.ടി.ഇ.യെ തീവണ്ടിയിൽ ജോലിക്ക് നിയോഗിക്കുകയും ചെയ്തു.

തീവണ്ടി പൂണെയിലെത്തിയ ശേഷമാണ് യുവതി രേഖാമൂലം പരാതി നൽകിയത്. സംഭവത്തിന് പിന്നാലെ മനീഷ് മീണയെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post