Trending

മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്; ചാവേറാക്രമണം നടത്തിയത് വിവാഹത്തിന് പിന്നാലെയെന്നും വിവരങ്ങള്‍


ന്യൂഡല്‍ഹി: മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഐഎസ് ഖൊറാസന്‍ ഘടകത്തിന്റെ മുഖപത്രമാണ് 'നജീബ് അല്‍ ഹിന്ദി' കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ചാവേറാക്രമണത്തിനിടെയാണ് മരണമെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സ് ഘടകത്തിന്റെ മുഖപത്രമായ 'വോയ്‌സ് ഓഫ് ഖൊറാസന്‍' പറയുന്നു. 23 വയസുകാരനും കേരളത്തില്‍ നിന്നുള്ള എം ടെക് വിദ്യാര്‍ത്ഥിയുമാണ് നജീബ് അല്‍ഹിന്ദിയെന്ന് റിപ്പോര്‍ട്ടിലുണ്ട്.

നജീബ് കേരളത്തില്‍ നിന്ന് അഫ്ഗാനില്‍ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും 'വോയ്‌സ് ഓഫ് ഖൊറാസന്‍' അവകാശപ്പെടുന്നു. പാകിസ്താന്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേര്‍ ആക്രമണത്തില്‍ പങ്കെടുത്തതെന്നും വിവരമുണ്ട്. മലനിരകളിലെ ജീവിതത്തേക്കുറിച്ച് നജീബ് പരാതിപ്പെട്ടില്ല. വിവാഹത്തിന് തയ്യാറായത് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തേത്തുടര്‍ന്നാണ്. വിവാഹദിവസം ഐഎസിന് നേരെ ആക്രമണമുണ്ടായി. വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ നജീബ് തീരുമാനിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് നിര്‍ബന്ധിച്ചതിനേത്തുടര്‍ന്ന് വിവാഹം നടന്നു. വിവാഹത്തിന് ശേഷം ചാവേര്‍ ആക്രമണത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലപ്പുറം സ്വദേശിയായ നജീബിനെ 2017 ഓഗസ്റ്റ് 15 മുതലാണ് കാണാതായത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എടെക് വിദ്യാര്‍ത്ഥിയായിരുന്നു നജീബ് കുണ്ടുവയില്‍. 2017 ഓഗസ്റ്റ് 16ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് ഇകെ 525 എന്ന വിമാനത്തില്‍ നജീബ് ദുബായിലേക്ക് പോയെന്നും അവിടെ നിന്നും സിറിയ/ഇറാഖ് എന്നിവിടങ്ങളിലേക്ക് കടന്നതായുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.


T News

working in the field of advertising and printing

Post a Comment

Previous Post Next Post