കമ്പളക്കാട്: വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പ് കലക്കിയ പ്രതിയെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സമീപത്ത് മറ്റൊരു ഹോട്ടല്‍ നടത്തുന്ന വെണ്ണിയോട് കരിഞ്ഞക്കുന്ന് വാണപ്രവന്‍ മമ്മൂട്ടി (58) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയോടെ വെള്ളം പമ്പ് ചെയ്തപ്പോഴാണ് വെള്ളം പതയുകയും,സോപ്പ് പൊടിയുടെ മണം അനുഭവപ്പെടുകയും ചെയ്തത്. മുഹമ്മദ് സ്ഥിരമായി വെള്ളമെടുത്തിരുന്ന കിണറില്‍ നിന്ന് പഞ്ചായത്ത് അധികൃതര്‍ വെള്ളമെടുക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തിന് പിന്നില്‍ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരില്‍ ഒരാളാണെന്ന സംശയത്തെ തുടര്‍ന്നാണ് മമ്മൂട്ടി കിണറില്‍ സോപ്പ് കലക്കി ഒഴിച്ചതെന്നാണ് അന്വേഷണത്തില്‍ മനസ്സിലാക്കിയത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. കേരള പോലീസ് ആക്ട് 118 ഇ , 120 ഇ, ഐപിസി 269,277 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സമീപത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, പഞ്ചായത്ത് ജീവനക്കാര്‍ക്കുമെല്ലാം സ്ഥിരമായി ഭക്ഷണം നല്‍കി വരുന്ന ജനകീയ ഹോട്ടലിന്റെ കിണറിലാണ് മമ്മൂട്ടി സോപ്പ് കലക്കിയത്. ഇതിനാല്‍ തന്നെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്കയച്ച ശേഷം കീടനാശിനിയോ മറ്റോ കലര്‍ത്തിയതായി തെളിഞ്ഞാല്‍ പ്രതിക്കെതിരെ വധശ്രമത്തിനടക്കം കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി
Tags:
Latest News
