മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണത്തിനായി ബോയ്‌സ് ടൗണിലെ ഗ്ലെന്‍ ലെവല്‍ എസ്റ്റേറ്റില്‍ നിന്നും മുന്‍പ് സര്‍ക്കാര്‍ ഏറ്റെടുത്ത 65 ഏക്കര്‍ ഭൂമി അനുവദിച്ച് ഉത്തരവിറങ്ങി.
മാനന്തവാടി ജില്ലാശുപത്രിയെ താല്‍ക്കാലിക മെഡിക്കല്‍ കോളേജായിട്ടും , ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച മൂന്നുനിലകെട്ടിടം നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കു അദ്ധ്യായന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ നേരത്തേ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ നിലവില്‍ മെഡിക്കല്‍ കേളേജായി പ്രവര്‍ത്തിച്ചു വരുന്ന മാനന്തവാടി ജില്ലാശുപത്രിക്ക് 8. 74 ഏക്കര്‍ സ്ഥലം മാത്രമാണ് കൈവശം ഉള്ളത്. അതു കൊണ്ട് മാത്രം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ നടക്കുന്നതതിനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുന്നതിനും കൂടുതല്‍ ഭൂമി ആവശ്യമാണെന്നുള്ള മെഡിക്കല്‍ വിദ്യഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാനന്തവാടി താലൂക്കില്‍ ബോയ്‌സ് ടൗണ്‍ ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റില്‍ നിലവില്‍ സര്‍ക്കാര്‍ ഏറ്റെടുത്തതും ആരോഗ്യ വകുപ്പിന്റെ കീഴിലുള്ളതുമായ 65 ഏക്കര്‍ ഭൂമിയില്‍ വയനാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അനുവദിച്ച് ഉത്തരവിട്ടത്.
പ്രസ്തുത ഭൂമിയുടെ ഉടമസ്ഥവകാശം മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ വയനാട് ജില്ലാ കളക്ടര്‍ / ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി മെഡിക്കല്‍ വിദ്യഭ്യാസ ഡയറക്ടര്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
Tags:
Latest News
