Trending

'വിവാഹം നടക്കാന്‍ ഹോളി ദിനത്തില്‍ മനുഷ്യബലി'; ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി, രണ്ട് പേര്‍ അറസ്റ്റില്‍


നോയിഡ: വിവാഹം വൈകുന്നതിലെ തടസം നീങ്ങാന്‍ മന്ത്രവാദ പൂജയ്ക്കായി മനുഷ്യബലിക്ക് കുട്ടിയെ തട്ടിക്കൊണ്ട് പോയ രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ നോയ്ഡയിലാണ് സംഭവം. ഏഴുവയസ്സുകാരിയെ ആണ് കുട്ടിയുടെ അയല്‍വാസിയുള്‍പ്പെട്ട സംഘം തട്ടിക്കൊണ്ട് പോയത്. കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി.

നോയ്ഡയിലെ ചിജാര്‍സി ഗ്രാമനിവാസിയായ പെണ്‍കുട്ടിയെ മാര്‍ച്ച് 13 നായിരുന്നു കാണാതായത്. തുടര്‍ന്ന് നടത്തിയ വലിയ പരിശോധയിലാണ് കുട്ടിയെ കണ്ടെത്തിയതും സംഭവങ്ങളുടെ ചുരളഴിയുന്നതും. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. ഇരുന്നൂറോളം പേരെയാണ് ഇത്തരത്തില്‍ നിരീക്ഷിച്ചത്. തുടര്‍ന്നാണ് അന്വേഷണ സംഘം പ്രതികളിലേക്ക് എത്തിയത്.

സോനു ബാല്‍മീകി, സഹായി നീതു എന്നിവരാണ് പിടിയിലായത്. മറ്റ് മൂന്ന് പേരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്ക് ഇത്തരത്തില്‍ ഉപദേശം നല്‍കിയ മന്ത്രവാദിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും സത്യേന്ദ്ര എന്ന ഇയാളും ഒളിവിലാണ് എന്നാണ് വിവരം. അറസ്റ്റിലായ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പൊലീസ് പറയുന്നു.

വിവാഹം വൈകുന്നതിന് പരിഹാരം തേടിയാണ് സോനു ബാല്‍മീകി മന്ത്രവാദിയെ സമീപിച്ചത്. മനുഷ്യ ബലി നടത്തിയാല്‍ വിവാഹം നടക്കുമെന്ന മന്ത്രവാദിയുടെ ഉപദേശമാണ് പ്രതികളെ ഇത്തരം ഒരു നീക്കത്തിലേക്ക് എത്തിച്ചത്. കുട്ടിയെ ഹോളി ദിനത്തില്‍ ബലി നല്‍കാനായിരുന്നു പദ്ധതിയിട്ടത് എന്നും പൊലീസ് പറയുന്നു. ഭാഗ്പതിലുള്ള സോനുവിന്റെ സഹോദരിയുടെ വീടിന് സമീപത്തായിരുന്നു കുട്ടിയെ ഒളിപ്പിച്ചത്. ഭാഗ്പതില്‍ വച്ച് ബലി നടത്താനായിരുന്നു പദ്ധതിയിട്ടത് എന്നും പൊലീസ് അറിയിച്ചു.

കുട്ടിയെ സുരക്ഷിതമായി രക്ഷിക്കാന്‍ പ്രവര്‍ത്തിച്ച പൊലീസ് സംഘത്തിന് ഡിസിപി 50000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post