നടി ആക്രമിക്കപ്പെട്ട കേസിന്റെ വിവാദങ്ങൾ തുടരുമ്പോൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിൽ നിന്നും ദിലീപിനെ ഒഴിവാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹ ചടങ്ങിന്റെ ചിത്രത്തിൽ നിന്നുമാണ് അദ്ദേഹം ദിലീപിനെ ക്രോപ്പ് ചെയ്തത്.
ഇന്നലെ രാത്രി വി ഡി സതീശൻ ഫേസ്ബുക്ക് ചിത്രം പങ്കുവെച്ചതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ വിഷയം ചർച്ചയായത്. മമ്മൂട്ടിയ്ക്കും മോഹൻലാലിനും നടുവിലായി വി ഡി സതീശൻ ഇരിക്കുന്നതായിരുന്നു ചിത്രം. 'ഇന്നലെ നടൻ സിദ്ദിഖിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടി, മോഹൻലാൽ, സിദ്ദിഖ് എന്നിവരോടൊപ്പം', എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
തൊട്ടുപിന്നാലെ ഈ ചിത്രത്തിന്റെ യഥാർത്ഥ പകർപ്പും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങി. യഥാർത്ഥ ചിത്രത്തിൽ സിദ്ദിഖിന് തൊട്ടപ്പുറത്ത് ദിലീപും ഉണ്ട്. അത് മുറിച്ച് നീക്കിയാണ് വി ഡി സതീശൻ പോസ്റ്റ് ചെയ്തത്.
അദ്ദേഹത്തിന്റെ ഈ നടപടിയെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്ത് എത്തിയിട്ടുണ്ട്. ദിലീപിന്റെ ചിത്രം ഒഴിവാക്കിയ നിലപാട് അഭിനന്ദനാർഹമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.
'കിംഗ് ലയർ എട്ടാം പ്രതിയെ വെട്ടിമാറ്റി താങ്കൾ തന്നെ അങ്ങട് ശിക്ഷ നടപ്പാക്കി അല്ലേ ?', 'ദിലീപിനെ നൈസ് ആയി ഒഴിവാക്കി' എന്നിങ്ങനെ പോകുന്നു വി ഡി സതീശൻ പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന കമന്റുകൾ. ഇലക്ഷന്‍ വരുമ്പോള്‍ വോട്ട് കുറയുമെന്ന് ഭയന്നാണ് ഫോട്ടോയില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയത് എന്ന തരത്തിൽ വിമർശനങ്ങളും ഉയരുന്നുണ്ട്.
Tags:
Latest News
