കാട്ടാക്കട: ‘ ശനിയാഴ്ച വൈകീട്ട് മകളുടെ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ എടുത്തത് പ്രവീണായിരുന്നു, മൂന്നു തവണ വിളിച്ച് ആവശ്യപ്പെട്ടിട്ടും ഫോൺ മകൾക്ക് കൈമാറിയില്ല. പിന്നീട് വിളിച്ചപ്പോൾ ‘ സ്വിച്ച് ഓഫ്’ ആണ് എന്ന മറുപടിയാണ് കിട്ടിയത്’ - തമ്പാനൂരിൽ ലോഡ്ജിൽ കൊല്ലപ്പെട്ട വീരണകാവ് ഏഴാമൂഴി മഹിതത്തിൽ ഗായത്രി(24)യുടെ അമ്മ സുജാത പറഞ്ഞു. പലതവണ ഞങ്ങൾ ഇടപെട്ട് ഈ ബന്ധത്തിൽനിന്നു പിൻമാറാൻ പ്രവീണിനോട് ആവശ്യപ്പെട്ടിരുന്നു. അപ്പോഴൊക്കെ വിവാഹബന്ധം വേർപെടുത്തിയതാണെന്നും ഉടൻ ഗായത്രിയെ വിവാഹം കഴിക്കുമെന്നും അയാൾ പറഞ്ഞു.
ഇതിനിടെ ആദ്യ ഭാര്യയുമായി ബന്ധം ആരംഭിച്ചതായും അവർ ഗർഭിണിയാണെന്നും അറിഞ്ഞതോടെ പ്രവീണുമായി ഇടപഴകുന്നതിൽനിന്ന് ഗായത്രിയെ കർശനമായി വിലക്കി. ഗായത്രി ജൂവലറിയിലെ ജോലി മതിയാക്കുകയും ചെയ്തു. തുടർന്ന് വീരണകാവിലെ അരുവിക്കുഴിയിൽ ജിംനേഷ്യത്തിൽ ട്രെയ്നറായി ജോലി ചെയ്തുവരികയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ പോകുന്നു എന്നുപറഞ്ഞാണ് ഗായത്രി വീട്ടിൽനിന്നു പോയത്. കാണാതായപ്പോഴാണ് മൂന്നോടെ മൊബൈലിലേക്കു വിളിച്ചത്. വൈകീട്ടോടെ വിവാഹിതരായതായുള്ള ചിത്രം ഇവരുടെ സാമൂഹികമാധ്യമ അക്കൗണ്ടിൽ കണ്ടതോടെ സുജാതയും ഇളയമകളും ചേർന്ന് വീണ്ടും ഗായത്രിയുടെ ഫോണിൽ വിളിച്ചു. അഞ്ചോടെ ഫോൺ എടുത്തു. ‘ താൻ പ്രവീൺ ആണെന്നും ഗായത്രി തനിക്കൊപ്പമുണ്ടെന്നും’ അറിയിച്ച് ഭീഷണിയുടെ സ്വരത്തിൽ ഗായത്രിയുടെ അമ്മയോടും സഹോദരിയോടും പ്രവീൺ സംസാരിച്ചു. എന്നാൽ ഗായത്രിക്ക് ഫോൺ കൈമാറണമെന്ന അമ്മയുടെ ആവശ്യത്തിന് മറുപടി നൽകാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടർന്നാണ് രാത്രി എട്ടോടെ മകളെ കാണാനില്ലെന്ന് കാണിച്ച് സുജാത കാട്ടാക്കട പോലീസിൽ പരാതി നൽകുന്നത്.
ഒരുവർഷം മുൻപുവരെ തലസ്ഥാനത്ത് ജൂവലറിയിൽ ജോലി ചെയ്യുമ്പോൾ പട്ടത്തുള്ള ഒരു ഹോസ്റ്റലിലായിരുന്നു ഗായത്രി. ഈ ജൂവലറിയിലെ ഡ്രൈവറായിരുന്നു പ്രവീൺ. എല്ലാ ദിവസവും വൈകീട്ട് ഗായത്രിയെ ഹോസ്റ്റലിൽ എത്തിക്കുന്നത് പ്രവീണായിരുന്നു. ഈ യാത്രകളാണ് ഇരുവരെയും അടുപ്പിച്ചത്. ലോക്ഡൗൺ കാലത്താണ് ഇവർ തമ്മിൽ കൂടുതലടുക്കുന്നത്. ആദ്യ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നും ഉടൻ ബന്ധം വേർപെടുത്തും എന്നുമാണ് പ്രവീൺ ഗായത്രിയെ അറിയിച്ചിരുന്നത്. ഏകദേശം ഒരുവർഷം മുൻപാണ് തിരുവനന്തപുരത്തെ ഒരു പള്ളിയിൽവെച്ച് പ്രവീൺ ഗായത്രിയെ വിവാഹം കഴിക്കുന്നത്. ഇക്കാര്യം ഇരുവരും മറച്ചുവെച്ചിരുന്നു.
പഠിക്കാൻ മിടുക്കിയായ അനിയത്തിയെ ഇനിയും പഠിപ്പിക്കണമെന്ന ആഗ്രഹം കാരണമാണ് ബിരുദം നേടിയതോടെ പഠനം അവസാനിപ്പിച്ച് ഗായത്രി ജൂവലറിയിൽ ജോലിക്കായി പോയത്. കുടുംബത്തിന്റെ അത്താണിയായിരുന്ന അച്ഛൻ മാരിയപ്പൻ 11 വർഷം മുമ്പ് മരിച്ചതോടെ ഹോട്ടലുകളിൽ ജോലി ചെയ്താണ് അമ്മ സുജാത രണ്ടു പെൺകുട്ടികളെയും വളർത്തിയത്. ഈ വീട്ടുകാരെക്കുറിച്ച് നാട്ടുകാർക്കും നല്ലതേ പറയാനുള്ളൂ.
കടപ്പാട്: മാതൃഭൂമി
Tags:
Latest News
