താമരശ്ശേരി: എടവണ്ണ - കൊയിലാണ്ടി ദേശീയപാതയിൽ പലയിടത്തും കലുങ്ക് നിർമ്മാണം നടക്കുന്നത് അശാസ്ത്രീയമായെന്ന് പരാതി. പരാതിയെ തുടർന്ന് കോക്കല്ലൂരിൽ കലുങ്ക് നിർമ്മാണം നടക്കുന്ന ഭാഗം ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവ് സന്ദർശിച്ചു.റോഡിന് സമാനമായി കലുങ്ക് നിർമ്മിക്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.
നവീകരണം നടക്കുന്ന റോഡിൽ ഏറ്റവും ഇടുങ്ങിയ ഭാഗമായ ഓമശ്ശേരി മുതൽ താമരശ്ശേരി വരെയുള്ള ഭാഗത്ത് റോഡ് കയ്യേറ്റം പോലും ഒഴിപ്പിക്കാതെ നിലവിലുള്ള സ്ഥലത്ത് തന്നെയാണ് ടാറിംങ്ങ് നടക്കുന്നത്.
റോഡ് സർവ്വേ നടത്തി അതിർത്തി അടയാളപ്പെടുത്താൻ ആവശ്യമായ ഉദ്യോഗസ്ഥർ ലഭ്യമല്ലാത്തതിനാലാണ് നിലവിലുള്ള സ്ഥലത്ത് മാത്രം പ്രവർത്തി നടത്തുന്നത് എന്നാണ് കരാറുകാരുടെ മറുപടി.
പതിവ് അപകടമേഖലയായ കൂടത്തായി പുഴയോട് ചേർന്ന കയറ്റവും ,വളവുമുള്ള ഭാഗത്തെ കയറ്റം കുറക്കാതെയാണ് ടാറിംങ്ങ് നടത്തിയിട്ടുള്ളത്. ഇത് ഈ ഭാഗത്ത് അപകടം വർദ്ധിക്കാൻ ഇടയാക്കും.
അതേ പോലെ മറ്റൊരു അപകടമേഖലയായ വെഴുപ്പൂർ സ്കൂളിനും, പഴശ്ശിരാജ സ്കൂളിനും ഇടയിലുള്ള ഭാഗം കയ്യേറ്റം ഒഴിപ്പിച്ച് വീതി കൂട്ടാൻ ശ്രമിക്കാതെയാണ് കലുങ്ക് നിർമ്മാണം നടക്കുന്നത്.
നിരവധി അപകടങ്ങൾ നടക്കുന്ന കയറ്റവും, വളവും ഒത്തു ചേർന്ന എളോത്ത്കണ്ടി ഭാഗത്തും കയറ്റം കുറക്കാൻ നടപടിയെടുക്കാതെയാണ് നവീകരണം.
താമരശ്ശേരി ബാലുശ്ശേരി റോഡിൽ ഏറ്റവും ഉയർന്ന ഭാഗമായ പി സി മുക്കിൽ റോഡ് വീണ്ടും ഉയർത്തുംമ്പോൾ, റോഡൽ പതിവായി വെള്ളം കെട്ടി നിൽക്കുന്ന അവേലത്ത് റോഡ് ഉയർത്തുന്നില്ല.
കോടികൾ ചിലവഴിച്ച് നവീകരണം നടക്കുമ്പോൾ പോലും റോഡിൻ്റെ സ്ഥലം പൂർണമായും ഉപയോഗിക്കാതെ കയ്യേറ്റക്കാർക്ക് അനുകൂലമായ നടപടിയാണ് ഉദ്യോഗസ്ഥരും കരാറുകാരും സ്വീകരിക്കുന്നതെന്നാണ് പ്രധാന പരാതി.
കൂടാതെ അശാസ്ത്രീയമായി നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ ആവശ്യമായ പരിശോധന നടത്തി ശരിയായ രീതിയിൽ പണി നടത്തുന്നതിനായ നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
Tags:
Latest News
