Trending

താമരശ്ശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിന് വഴിയൊരുങ്ങുന്നു



ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും

നിര്‍മ്മാണം ബി.ഒ.ടി. അടിസ്ഥാനത്തില്‍ 

മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍, ഷീ ലോഡ്ജ്, റെസ്റ്റൊറന്റ്, റിട്ടയര്‍മെന്റ് റൂം, ബസ് ടെര്‍മിനല്‍, ഓഫീസ് സമുച്ചയം, പാസഞ്ചേഴ്‌സ് ലോഞ്ച് എന്നിവയടങ്ങിയ ഷോപ്പിംഗ് കോംപ്ലക്‌സ് പദ്ധതിയില്‍






താമരശ്ശേരി: നാലു പതിറ്റാണ്ടു പഴക്കമുള്ള താമരശ്ശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിന് വഴിയൊരുങ്ങുന്നു. നാട്ടുകാരുടെയും യാത്രക്കാരുടെയും ഏറെക്കാലത്തെ ആവശ്യമാണ് യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നത്. ആധുനിക രീതിയില്‍ ഡിപ്പോ നവീകരണത്തിന് തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ടെര്‍മിനല്‍, ഓഫീസ് ബ്ലോക്ക്, പാസഞ്ചേഴ്‌സ് ലോഞ്ച്, മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍, ഷീ ലോഡ്ജ്, കോഫി ഷോപ്പ്, കഫ്റ്റീരിയ, റെസ്റ്റോറന്റ്, ഫുഡ് കോര്‍ട്ട്, സ്റ്റാഫ് റിട്ടയര്‍മെന്റ് റൂം, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഫ്യുവല്‍ കോര്‍ണര്‍, ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയടങ്ങിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കാനാണ് തീരുമാനമായത്. 
ഇതിന്റെ മുന്നോടിയായി വിവിധ ഏജന്‍സികളില്‍ നിന്നുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ആറു മാസത്തിനകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് സര്‍ക്കാറില്‍ നിന്നുള്ള വിവിധ അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കും. ഒരു വര്‍ഷത്തിനകം നിമ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ആകെ രണ്ടു വര്‍ഷത്തിനകം ഉദ്ഘാടനം ചെയ്യുന്നതിനുള്ള വര്‍ക്ക് കലണ്ടര്‍ തയ്യാറാക്കും. ഇതിന് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. 
ബി.ഒ.ടി. അടിസ്ഥാനത്തില്‍ 30 വര്‍ഷക്കാലത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താനാണ് തീരുമാനിച്ചത്. ദേശീയ പാതയോരത്ത് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് 1.10 ഏക്കര്‍ ഭൂമിയാണുള്ളത്. സംസ്ഥാനത്തെ മികച്ച കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞു. സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി ഡിപ്പോ അങ്ങോട്ട് മാറ്റാനാണ് ധാരണയായത്. 
യോഗത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്റര്‍, കെ.എസ്.ആര്‍.ടി.സി. സി.എം.ഡി ബിജു പ്രഭാകര്‍ ഐ.എ.എസ്, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.എസ്.ആര്‍.ടി.സ് ഉന്നത ഉദ്യോഗസ്ഥരായ ജി.പി. പ്രദീപ്, ഷറഫ് മുഹമ്മദ്, സി. ഉദയകുമാര്‍, ജീവരാജ്, സന്തോഷ് കുമാര്‍, സി.ടി.ഒ. ആര്‍. മനീഷ്, എ.ടി.ഒ പി.ഇ. രഞ്ജിത്ത്, പൊതു പ്രവര്‍ത്തകരായ എം. സുല്‍ഫീക്കര്‍, പി.പി. ഹാഫിസ് റഹിമാന്‍, ഹാരിസ് അമ്പായത്തോട് തുടങ്ങിയവര്‍ സംബന്ധിച്ചു.




ചിത്രം..താമരശ്ശേരി കെ.എസ്.ആര്‍.ടി. ഡിപ്പോ നവീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ നിന്ന്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്റര്‍, കെ.എസ്.ആര്‍.ടി.സി. സി.എം.ഡി ബിജു പ്രഭാകര്‍ ഐ.എ.എസ് എന്നിവര്‍ സമീപം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post