ന്യൂഡൽഹി: യുക്രെയിനിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. യുക്രെയിനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ പരാമർശം.
റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷത്തിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ല, "കോടതി എന്ത് ചെയ്യും? യുദ്ധം നിർത്താൻ എനിക്ക് റഷ്യൻ പ്രസിഡന്റിന് നിർദ്ദേശം നൽകാൻ സാധിക്കുമോ? ചീഫ് ജസ്റ്റിസ് ആരാഞ്ഞു. വിദ്യാർത്ഥികളുടെ അവസ്ഥയിൽ കോടതിക്ക് വിഷമം ഉണ്ട്. "സോഷ്യൽ മീഡിയയിൽ, സിജെഐ എന്താണ് ചെയ്യുന്നതെന്ന് പറയുന്ന ചില വീഡിയോകളും കണ്ടു". എന്നാൽ ഏത് സർക്കാരിനോടാണ് സുരക്ഷാ ഉറപ്പാക്കാൻ കോടതി നിർദേശം നൽകേണ്ടതെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ ചോദിച്ചു.
യുക്രെയ്നിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ റൊമാനിയയിലേക്ക് കടക്കുന്നതിനെ റഷ്യൻ സെെന്യം തടയുകയാണ്. പടിഞ്ഞാറൻ യുക്രെയ്നിലെ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നില്ല. എല്ലാ വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കേണ്ട സർക്കാർ രക്ഷാ നടപടി വേഗത്തിൽ സ്വീകരിക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ആറ് ദിവസമായി ഭക്ഷണം പോലും ലഭിക്കാതെ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾ യുക്രെയ്ൻ അതിർത്തിയിൽ കഴിയുകയാണെന്നും ഹരജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
നിരവധി ഇന്ത്യൻ വിദ്യാർഥികളാണ് ഇപ്പോഴും കാർകീവിൽ കുടുങ്ങിക്കിടക്കുന്നത്. അതിർത്തികളിലേക്ക് പോവുന്ന ഇന്ത്യൻ പൗരന്മാരെ ട്രെയിനുകളിൽ കയറാൻ അനുവദിക്കുന്നില്ലെന്നും ട്രെയിനിൽ കയറിപ്പറ്റിയവരെ പുറത്താക്കുന്നു എന്നും പരാതികൾ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം റഷ്യൻ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയും ഖാർഖീവിലെ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ നാലാം വർഷ വിദ്യാർഥിയുമായ നവീൻ കൊല്ലപ്പെട്ടിരുന്നു.
