Trending

മുടി സ്ട്രെയിറ്റ് ചെയ്യാൻ പണം തികഞ്ഞില്ല, ജ്വല്ലറിയിൽ കയറി കാൽ ലക്ഷം മോഷ്ടിച്ച് വിദ്യാർത്ഥിനി


നെയ്യാറ്റിൻകരയിലെ ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം പട്ടാപ്പകൽ കാൽ ലക്ഷം രൂപ കവർന്നത് സ്കൂൾ വിദ്യാർഥിനിയാണെന്ന് തെളിഞ്ഞു. മോഷണം തലമുടി സട്രെയിറ്റ് ചെയ്യാനുള്‍പ്പെടെയുള്ള ആവശ്യങ്ങൾക്ക്. കോളജ് വിദ്യാർഥിനി ആണെന്നു പൊലീസ് തുടക്കത്തിൽ കരുതിയെങ്കിലും ഇന്നലെ രാവിലെ തന്നെ സ്കൂൾ വിദ്യാർഥിനി എന്നു കണ്ടെത്തി. ഉച്ചയോടെ സ്റ്റേഷനിലേക്കും കൂട്ടിക്കൊണ്ടു വന്ന പെൺകുട്ടിയെ പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. നഷ്ടപ്പെട്ട പണം മടക്കി നൽകാമെന്ന് രക്ഷിതാക്കൾ അറിയിച്ചതോടെ ജ്വല്ലറി ഉടമയും പരാതി നൽകിയില്ല.

കവർച്ച നടത്തിയ വേളയിൽ ധരിച്ചിരുന്ന യൂണിഫോം ആണു പെൺകുട്ടിയെ കുടുക്കിയത്. തീരദേശത്തെ ഒരു സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം യൂണിഫോം ആണിതെന്നു പൊലീസ് തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ബ്യൂട്ടി പാർലറിൽ നിന്നും സമീപത്തെ മൊബൈൽ ഷോപ്പിൽ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇതും ആളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചു. മിനിയാന്നു രാവിലെ പല്ലുവേദന എന്ന പേരിലാണ് ഈ പെൺകുട്ടി സ്കൂളിൽ നിന്നും പുറത്തിറങ്ങുന്നത്.

അവിടെ നിന്ന് നെയ്യാറ്റിൻകരയിൽ എത്തിയ പെൺകുട്ടി ഒരു ബ്യൂട്ടി പാർലറിൽ പോയി തലമുടി സ്ട്രെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ബ്യൂട്ടിഷൻ ആവശ്യപ്പെട്ട തുക കൈവശം ഇല്ലാതിരുന്ന വിദ്യാർഥിനി 20 മിനുട്ടിനുള്ളിൽ തിരികെയെത്തി മുടി സ്ട്രെയ്റ്റ് ചെയ്തു മടങ്ങി. ഇതിനിടെയാണ് കവർച്ച നടത്തിയതെന്ന് പൊലീസ് കരുതുന്നു. സമീപത്തെ ഒന്നിലധികം മൊബൈൽ ഷോപ്പുകളിലെത്തി 1000 രൂപ വീതം കടമായി ആവശ്യപ്പെട്ടു. അവർ ആവശ്യം നിരാകരിച്ചതിനു ശേഷമാണ് വെള്ളി ആഭരണങ്ങൾ വിൽക്കുന്ന ജ്വല്ലറിയിൽ എത്തിയതും പണം കവർന്നതും.ജ്വല്ലറിയിലെ 2 പേരിൽ ഒരാൾ ബാങ്കിൽ പോയിരുന്നു. മറ്റെയാൾ ജ്വല്ലറിയിലും ഉണ്ടായിരുന്നു. പക്ഷേ, മരുന്നു കഴിച്ചതിനെ തുടർന്നു മയങ്ങിപ്പോയി. ആ തക്കത്തിനായിരുന്നു കവർച്ച. മോഷണ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് വളരെ ഞെട്ടലോടെയാണ് ജനം കണ്ടത്. ഇടക്കാലത്ത് നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് രാത്രി കടകൾ കുത്തിത്തുറന്നു കവർച്ച നടത്തിയിരുന്നു. എന്നാൽ പട്ടാപ്പകൽ കവർച്ച നടത്തിയത് വ്യാപാരികളെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഇന്നലെ ഉച്ചയോടെ മോഷണം നടത്തിയ വിദ്യാർഥിനിയെ പിടികൂടിയതോടെയാണ് വ്യാപാരികൾക്ക് ആശ്വാസമായത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post