തിരുവനന്തപുരം: തൃശ്ശൂരിൽ ശോഭാ സിറ്റി മാളിന് വേണ്ടിയും ഹയാത്ത് റീജൻസി ഹോട്ടലിന് വേണ്ടിയും കെ റെയിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് കെ റെയിൽ എംഡി വി. അജിത് കുമാർ. കെ റെയിൽ അലൈൻമെന്റിൽ എവിടേയും മാറ്റം വരുത്തിയിട്ടില്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കണക്കിലെടുക്കുന്നില്ലെന്നും അജിത് കുമാർ പറഞ്ഞു.
'സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയേണ്ടതില്ല. നടക്കുന്നത് വ്യാജ പ്രചരണമാണ്. ഔദ്യോഗികമായി ആരെങ്കിലും പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും.'
'ഒരിടത്തും അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ല. മന്ത്രി സജി ചെറിയാന്റെ വീടിന്റെ സമീപത്തും കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി തുടങ്ങിയ ആരോപണങ്ങള്‍ പരിശോധിച്ച് ഇന്ന് വൈകുന്നേരത്തിനുളളില്‍ ഔദ്യോഗിക വിശദീകരണം നല്‍കുമെന്നും' എംഡി വി. അജിത് കുമാർ പറഞ്ഞു.
'ഒരു വിഭാഗം ഒന്ന് പറയുന്നു മറ്റുളളവര്‍ അതിനെ മറകടക്കാന്‍ വേണ്ടി മറ്റൊന്ന് പ്രചരിപ്പിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് അടിസ്ഥാനമില്ല. ആരെങ്കിലും എഴുതി ചോദിക്കുകയോ ചെയ്താല്‍ അതിന് മറുപടി നല്‍കുമെന്നും' എംഡി വ്യക്തമാക്കി.
