Trending

തെക്കന്‍ ഇറാനില്‍ ഭൂചലനം; യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനങ്ങള്‍


ടെഹ്‌റാന്‍: ഇറാന്‍ ഉള്‍പ്പെടെ പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം. തെക്കന്‍ ഇറാനിലാണ് റിക്ടര്‍സ്‌കെയിലില്‍ 5.9 തീവ്രത നേരിട്ട ഭുചലനം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം പുലര്‍ച്ചെ 3.15നാണ് ഭുചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ട്വിറ്ററില്‍ പ്രതികരിച്ചു. ഇറാനിലെ ഹൊര്‍മോസ്ഗന്‍ പ്രവിശ്യയിലെ ഖൂഹെര്‍ദില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ യുഎയിലെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സാമൂഹിക മാധ്യമങ്ങളിലാണ് യുഎഇയുടെ വിവിധ മേഖലകളില്‍ ഭുചലനം അനുഭവപ്പെട്ടതായി ആളുകള്‍ അവകാശപ്പെട്ടത്. യുഎഇക്ക് പുറമെ, ഒമാന്‍, കുവൈറ്റ് ബഹ്‌റൈന്‍ എന്നിവിടങ്ങളിലും പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, കിഴക്കന്‍ ജപ്പാനില്‍ ഇന്നലെ അര്‍ധരാത്രിയുണ്ടായ ഭൂചലനത്തില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ നിലം പൊത്തുകയുമുണ്ടായി. വടക്കുകിഴക്കന്‍ ജപ്പാന്റെ ചില ഭാഗങ്ങളില്‍ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭൂചലനമുണ്ടായ പ്രദേശങ്ങളില്‍ രാത്രിയില്‍ പലതവണയായി ചെറിയ കുലുക്കങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഫുക്കുഷിമയിലും തൊട്ടടുത്ത പ്രദേശമായ മിയാഗിജിയിലുമാണ് ആള്‍നാശമുണ്ടായത്. വിവിധ ഭാഗങ്ങളിലാലിയ 90 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

ഫുക്കുഷിമ തീരത്ത് നിന്ന് 60 കിലോമീറ്റര്‍ (37 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്, ഇതിന് മിനിറ്റുകള്‍ക്ക് മുമ്പ് അതേ പ്രദേശത്ത് 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ കുലുക്കം ഉണ്ടായതായി ജപ്പാനിലെ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.മാരകമായ സുനാമിക്കും ഫുകുഷിമ ആണവ ദുരന്തത്തിനും കാരണമായ ഒരു വന്‍ ഭൂകമ്പത്തിന്റെ 11ാം വാര്‍ഷികം ജപ്പാന്‍ അടയാളപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് രാത്രി കുലുക്കം ഉണ്ടായത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post