ന്യൂഡല്ഹി: യാതൊരു മുന്നറിയിപ്പുമില്ലാതെ ഉപയോക്താക്കളുടെ അക്കൗണ്ടുകള് റദ്ദാക്കിയാല് സമൂഹ മാധ്യമങ്ങള്ക്കെതിരെ നടപടിയെടുക്കാമെന്ന് കേന്ദ്ര സര്ക്കാര് ഡല്ഹി ഹൈക്കോടതിയെ അറിയിച്ചു. ഒരാളുടെ അക്കൗണ്ടില് നിന്നും നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാനുള്ള അവകാശം മാത്രമേ സോഷ്യല് മീഡിയ കമ്പനികള്ക്ക് ഉള്ളു. എന്നാല് അക്കൗണ്ട് തന്നെ നീക്കം ചെയ്യുന്ന നിലപാട് തെറ്റാണെന്നും കേന്ദ്രം കോടതിയില് പറഞ്ഞു. അതേസമയം ഒരു ഉപയോക്താവിന്റെ ഭൂരിഭാഗം ഉള്ളടക്കവും നിയമവിരുദ്ധമാണെങ്കില്, അക്കൗണ്ട് താല്ക്കാലികമായി നിര്ത്തലാക്കാനുള്ള അങ്ങേയറ്റത്തെ നടപടി സ്വീകരിക്കാമെന്നും കേന്ദ്രം വിശദമാക്കി.
എന്തിനാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് ഉപയോക്താക്കള്ക്ക് കമ്പനി മുന്കൂര് നോട്ടീസ് നല്കണം. ചട്ടലംഘനത്തിന്റെ പേരില് കമ്പനി ഏകപക്ഷീയമായി നടപടിയെടുത്താല് സമൂഹമാധ്യമത്തിനെതിരെ നിയമപരമായി നീങ്ങാന് ഉപയോക്താവിന് അവസരമുണ്ടെന്നും കേന്ദ്ര ഐടി മന്ത്രാലയം വ്യക്തമാക്കി. അതേസമയം ബലാത്സംഗം, കുട്ടികള്ക്കെതിരെയുള്ള ലൈംഗികാതിക്രമം, ഭീകരവാദം തുടങ്ങിയ സാഹചര്യങ്ങളില് കമ്പനിക്ക് ഉപയോക്താവിനെ തടയാന് കഴിയുമെന്നും കേന്ദ്രം അറിയിച്ചു.
