Trending

യുക്രൈൻ നാളുകൾ വിവരിച്ച് റിൻഷ; ആശ്വസിപ്പിച്ച് രാഹുൽഗാന്ധി







താമരശ്ശേരി: ഷെൽവർഷത്തിനിടെ ബങ്കറിൽക്കഴിഞ്ഞ എട്ടു ദിവസങ്ങൾ, ഭീതിയോടെ നടത്തിയ നാലു മണിക്കൂർനീണ്ട വാൻയാത്ര, ഉറങ്ങാനോ നല്ല ഭക്ഷണം കഴിക്കാനോ ആവാതിരുന്ന സാഹചര്യം, അനിശ്ചിതത്വത്തിന്റെ ദിനങ്ങൾക്കൊടുവിൽ നാട്ടിലെത്താൻ സാധിച്ചതിന്റെ ആഹ്ലാദം... ഇതെല്ലാം ആ ഇരുപത്തിരണ്ടുകാരിയുടെ വാക്കുകളിലൂടെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പി. അനുഭവിച്ചറിഞ്ഞു. പത്തു മിനിറ്റിലധികംനീണ്ട സംഭാഷണത്തിനുശേഷം ആത്മധൈര്യത്തോടെ ജീവിക്കാൻ ആഹ്വാനംചെയ്തും ഉപരിപഠനത്തിന് സഹായം വാഗ്ദാനംചെയ്തും അദ്ദേഹം അവളെ യാത്രയാക്കി.

യുദ്ധഭൂമിയായ യുക്രൈനിൽനിന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ നാട്ടിലെത്തിയ പുതുപ്പാടി ചെരുവിള പുത്തൻവീട് അബ്ദുൾ മനാഫിന്റെയും സീനത്തിന്റെ മകൾ റിൻഷ(22)യുമായാണ് ഈങ്ങാപ്പുഴയിലെ വൈറ്റ് ഹൗസ് ഹോട്ടലിലിരുന്ന് രാഹുൽഗാന്ധി സംസാരിച്ചത്. വി.എൻ. കരാസിൻ ഹാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിനിയായ റിൻഷയുടെ കാര്യം ശ്രദ്ധയിൽപ്പെട്ട രാഹുൽഗാന്ധി അവളെ കാണാൻ താത്‌പര്യം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് വയനാട്ടിൽനിന്ന് തിരിച്ചുവരുന്ന വഴി ഉച്ചഭക്ഷണം കഴിച്ചശേഷം ഹോട്ടലിരുന്ന് അദ്ദേഹം അവിടെയെത്തിയ റിൻഷയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

വി.എൻ. കരാസിൻ ഹാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിക്ക്‌ സമീപത്തെ ഹോസ്റ്റലിലാണ് റിൻഷയുൾപ്പെടെ 130-ലധികം മലയാളി വിദ്യാർഥികൾ താമസിച്ചിരുന്നത്. യുദ്ധം കൊടുമ്പിരിക്കൊണ്ടതോടെ നാട്ടിലേക്ക് മടങ്ങാനാവാതെ ഹോസ്റ്റലിൽതന്നെ കുടുങ്ങി. എട്ടു ദിവസമാണ് ഹോസ്റ്റലിനടിയിലെ ബങ്കറിൽ കഴിഞ്ഞത്.

ഡൽഹിയിലേക്ക് ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ വിമാനത്തിലാണെത്തിയത്. ഡൽഹിയിൽനിന്ന് വിമാനമാർഗം തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ കൊച്ചിയിലെത്തുകയും അവിടെനിന്ന് കെ.എസ്.ആർ.ടി.സി.യുടെ ലോ ഫ്ളോർ ബസിൽ കോഴിക്കോട്ട് എത്തിച്ചേരുകയുമായിരുന്നു. താമസസ്ഥലങ്ങളിലെ അസൗകര്യവും യാത്രകൾക്കായുള്ള മണിക്കൂറുകൾനീണ്ട കാത്തിരിപ്പും കൈയിലുള്ള ഇന്ത്യൻ രൂപ തീർന്നുപോയതുമെല്ലാം ഏറെ വലച്ചതായി റിൻഷ രാഹുൽഗാന്ധിയെ അറിയിച്ചു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി., എ.പി. അനിൽകുമാർ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

© അജയ് ശ്രീശാന്ത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post