തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ എൽഡിഎഫ് ശുപാർശ. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കില്ലെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു. മിനിമം ചാർജ് പത്ത് രൂപയാക്കാനാണ് എൽഡിഎഫ് ശുപാർശ ചെയ്തിരിക്കുന്നത്.
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ ചാർജ് വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് എ വിജയരാഘവൻ പറഞ്ഞു. അതേസമയം, നിരക്ക് വർധന പര്യാപ്തമല്ലെന്ന് ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ചാർജ് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമായത്. ബസ് ചാര്‍ജ് 10 രൂപയും, വിദ്യാര്‍ത്ഥികളുടെ നിരക്ക് 3 രൂപയുമാകുമെന്ന സൂചനകൾ നേരത്തെ ഉയർന്നിരുന്നു. മിനിമം ചാര്‍ജ്ജ് 12 രൂപയാക്കണം എന്നാണ് ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നത്. നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരം നടത്തിയിരുന്നു. പിന്നീട് ബസ് ചാർജ് വർധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ബസുടമകള്‍ക്ക് ഉറപ്പ് നൽകിയെന്ന് പറഞ്ഞ് സമരം പിൻവലിച്ചിരുന്നു.
