തിരുവനന്തപുരം: ഭർത്താവ് മദ്യപിച്ചതിലുള്ള മനോവിഷമത്തെ തുടർന്ന് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കല്ലറയിലാണ് സംഭവം. കല്ലറ മണി വിലാസത്തിൽ ഭാഗ്യ (21) ആണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് മദ്യപിച്ചതിൽ മനംനൊന്താണ് ഭാഗ്യ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. മദ്യപിച്ചതിനെ ചൊല്ലി ഭർത്താവുമായി ഭാഗ്യ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എട്ടു മാസം ഗർഭിണിയായിരുന്നു ഭാഗ്യ.
ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് ഭാഗ്യയെ തൂങ്ങിയ നിലയില്‍ വീടനകത്തെ മുറിയില്‍ കണ്ടത്. ഉച്ചയ്ക്ക് ഭര്‍ത്താവ് മദ്യപിക്കുന്നത് കണ്ടതിന്‍റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. കല്ലറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്യുന്ന വിവാഹിതയായ രണ്ടാമത്തെ യുവതിയാണ് ഭാഗ്യ. വർക്കല ഇടവയിൽ ശ്രുതി എന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രിയിലാണ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വർക്കല ഇടവ വെൺകുളം സ്വദേശിനി ശ്രുതിയെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴാണ് സംഭവം. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രുതിയുടെ ഭർത്താവ് അനന്തു വിദേശത്താണ്. ശ്രുതിയെ സ്വന്തം വീട്ടിൽ നിർത്തിയ ശേഷമാണ് ഭർത്താവ് അനന്തു വിദേശത്തേക്ക് പോയത്. ജീവിക്കാൻ മനസമാധാനമില്ലെന്നും ഭർത്താവ് പാവമാണെന്നും, ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കുന്നു. അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Tags:
Latest News

