താമരശ്ശേരി: താമരശ്ശേരി ചുണ്ടക്കുന്നിൽ പണി നടക്കുന്ന ഫ്ലാറ്റിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ പരിക്കേൽക്കുകയും, പിന്നീട് മരണപ്പെടുകയും ചെയ്ത തച്ചംപൊയിൽ സ്വദേശി ദേവദാസിന് പരിക്കേൽക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഗോവണി പടിയിൽ നിന്നും വീണാണ് പരിക്കേറ്റതെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പുറത്ത് പറഞ്ഞിരുന്നത്. എന്നാൽ ഗോവണി പടവുകളിൽ രക്തക്കറയോ ,വീണതിൻ്റെ മറ്റു ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല എന്ന് ആമ്പുലൻസിൽ കയറ്റാൻ സഹായിച്ച നാട്ടുകാർ പറഞ്ഞു. തലക്കേറ്റ മാരകമായ പരിക്കായിരുന്നു മരണകാരണം.
ഫെബ്രുവരി മാസം 23 ന് രാത്രിയാണ് ചുണ്ടക്കുന്നിൽ നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിൻ്റെ മുകളിൽ സംഘം ചേർന്ന് മദ്യപിച്ചത്.
മദ്യ കുപ്പിയും, ഗ്ലാസും, സോഡ ക്കുപ്പികളും, തൊട്ടുകൂട്ടാൻ ഉപയോഗിച്ച സാധനങ്ങളുടെ കവറും രാത്രി അവിടെ തന്നെ ഉണ്ടായിരുന്നെങ്കിലും പിന്നീട് ആരോ നീക്കം ചെയ്തു.
ഫ്ലാറ്റിനകത്തെ ഒരു ഭാഗത്തെ ചുമരിൽ അഞ്ച് അടിയിൽ അധികം ഉയരത്തിൽ രക്തം തെറിച്ച് കിടക്കുന്നതും, അതിന് താഴെ രക്തം തളം കെട്ടി നിൽക്കുന്നതും കണ്ടിരുന്നു.
ഫ്ലാറ്റ് വിൽക്കുന്നുണ്ട് എന്നറിഞ്ഞ് ഇത് കാണിക്കാനാണ് രാത്രിയിൽ ഇവിടെ എത്തിയതെന്നായിരുന്നു എന്നാണ് സംഭവം നടന്ന ഉടനെ കൂടെയുണ്ടായിരുന്നവരുടെ വിശദീകരണം.
എന്നാൽ തൻ്റെ ഫ്ലാറ്റ് വിൽക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, വിൽക്കാൻ ഉദ്ദേശമില്ലെന്നും ഉടമ അന്നു തന്നെ വ്യക്തമാക്കിയിരുന്നു.
അഞ്ച് ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടന്ന ദേവദാസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
