Trending

ചൈനീസ് വിമാന ദുരന്തം; ബോയിങ് 737 വിമാനങ്ങള്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി ഇന്ത്യ


ചൈനയില്‍ 132 പേരുമായി ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണതിന് പിന്നാലെ ബോയിങ് 737 വിമാനങ്ങള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തി ഇന്ത്യ. സ്‌പൈസ് ജെറ്റ്, വിസ്താര, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളാണ് നിലവില്‍ ബോയിങ് 737 ഉപയോഗിക്കുന്നത്. ഡിജിസിഎ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാന യാത്രക്കാരുടെ സുരക്ഷ സുപ്രധാനമാണെന്നും നിലവില്‍ സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും ഡിജിസിഎ ചീഫ് അരുണ്‍ കുമാര്‍ പിടിഐയോട് പറഞ്ഞു.

അതേസമയം ചൈനീസ് വിമാന ദുരന്തത്തില്‍ 132 പേര്‍ കൊല്ലപ്പെട്ടതായി സൂചന. രക്ഷാപ്രവര്‍ത്തനം മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിവേഗത്തില്‍ താഴേക്ക് പതിക്കുന്ന ബോയിങ് 737-800 വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനം നിലത്തുപതിച്ച ഉടന്‍ പൊട്ടിത്തെറിച്ചെന്നാണ് ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന.

യുനന്‍ പ്രൊവിന്‍സിന്റെ തലസ്ഥാനമായ കുമിങ് സിറ്റിയില്‍ നിന്ന് 1.11നാണ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍ വിമാനം പറയുന്നുയര്‍ന്നത്. പതിവ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ശേഷമായിരുന്നു ടേക്ക് ഓഫ്. 123 യാത്രക്കാരും 9 ക്യാബിന്‍ ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 3.5ന് ലാന്‍ഡിങ് ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും ഏതാണ്ട് 2.22ന് വിമാനവുമായുള്ള ബന്ധം നഷ്ടമായി. പിന്നാലെ ഗുവാങ്സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളില്‍ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വനപ്രദേശത്ത് തീ പടര്‍ന്ന ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ് ഉത്തരവിട്ടിട്ടുണ്ട്. ബ്ലാക്ക് ബോക്‌സ് പരിശോധിച്ചാല്‍ മാത്രമാവും അപകട കാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുക. ബ്ലാക്ക് ബോക്‌സിലെ നിര്‍ണായക വിവരങ്ങള്‍ പരിശോധിക്കാനായി ഏതാണ്ട് 14 ദിവസം വേണ്ടി വരും. ലോകം സമീപകാലത്ത് കണ്ട ഏറ്റവും വലിയ വിമാന ദുരന്തമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.


T News

working in the field of advertising and printing

Post a Comment

Previous Post Next Post