വർക്കല: വർക്കലയിലെ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു. വർക്കല സൗത്ത് ക്ലിഫിലെ എലിക്സർ ബീച്ച് റിസോർട്ടിൽ ചൊവ്വാഴ്ച വൈകുന്നേരം 4:30-ഓടെയായിരുന്നു സംഭവം. ഉത്തർ പ്രദേശിലെ ലക്നൗ ഗോമട്ടിനഗർ 5/35 വിപുൽ കാന്തിൽ വിദ്യാ രാഘവൻ(59) ആണ് മരിച്ചത്.
വർക്കല കുരയ്ക്കണ്ണി വലിയവീട്ടിൽ ക്ഷേത്രത്തിനു സമീപം ദേവപ്രജ വില്ലയിൽ കഴിഞ്ഞ മൂന്ന് മാസമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവർ. വിനോദസഞ്ചാരിയായി എത്തിയ ഇവർ ഓൺലൈൻ ക്ലാസ് അധ്യാപിക കൂടിയായിരുന്നു. പതിവായി ഇവർ പെരുംകുളത്തെ റിസോർട്ടിൽ സ്വിമ്മിങ് പൂളിൽ നീന്താൻ എത്തുമായിരുന്നു. ചൊവ്വാഴ്ച 3.30-ഓടെ എത്തിയ ഇവർ നീന്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ റിസോർട്ട് അധികൃതർ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് വർക്കല പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇവർക്ക് ഓസ്ട്രേലിയൻ പൗരത്വമുള്ളതായും ബന്ധുക്കളെ വിവരം അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും പോലീസ് അറിയിച്ചു.
Tags:
Latest News
