വലിയ ഫയലുകൾ അയയ്ക്കാൻ കഴിയില്ലെന്നത് വാട്ട‍്‍സാപ്പിൻെറ വലിയ പരിമിതിയായിരുന്നു. സന്ദേശങ്ങളും ചിത്രങ്ങളും ഡോക്യുമെൻറുകളും വാട്ട‍്‍സാപ്പിലൂടെ അയക്കാൻ സാധിക്കും. എന്നാൽ കൂടുതൽ ജിബി ആവശ്യമായ വലിയ ഫയലുകളോ സിനിമയോ കൂടുതൽ ക്വാളിറ്റിയുള്ള ചിത്രങ്ങളോ വാട്ട‍്‍സാപ്പിലൂടെ അയക്കാൻ സാധിക്കാറില്ല.
100MBയിൽ കൂടുതൽ വലിപ്പമുള്ള ഫയലുകൾ വാട്ട‍്‍സാപ്പിലൂടെ അയക്കാനാവില്ല. ടെലഗ്രാമിനെയാണ് പലരും ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുള്ളത്. എന്നാൽ വാട്ട‍്‍സാപ്പ് ഇതിനൊരു പോംവഴി കണ്ടെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വൈകാതെ തന്നെ വാട്ട‍്‍സാപ്പിലൂടെ വലിയ ഫയലുകൾ അയക്കാൻ സാധിച്ചേക്കും. പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
വാബീറ്റഇൻഫോ (WABetaInfo) പുറത്ത് വിട്ട വിവരങ്ങൾ പ്രകാരം 2 ജിബി വലിപ്പമുള്ള ഫയലുകൾ വരെ അയക്കാനുള്ള പുതിയ ഫീച്ചറാണ് വാട്ട‍്‍സാപ്പിൽ വരാൻ പോവുന്നത്. ദക്ഷിണ അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്കിടയിൽ പരീക്ഷണാർഥം ഇത് നടപ്പിലാക്കിയെന്നും റിപ്പോർട്ട് പറയുന്നു.
ആപ്പിൻെറ ബീറ്റ വേർഷനിൽ ഈ ആഴ്ച ടെസ്റ്റിങ് നടക്കുകയാണ്.
ആൻഡ്രോയ‍്‍ഡ് പ്ലാറ്റ‍്‍ഫോമിലും ഐഒഎസ് (iOS) പ്ലാറ്റ‍്‍ഫോമിലും ടെസ്റ്റിങ് പൂർത്തിയായിട്ടുണ്ട്. ഇങ്ങനെയാണെങ്കിലും 2ജിബി വരെയുള്ള ഫയലുകളുടെ കാര്യത്തിൽ ഇനിയും വെല്ലുവിളികൾ ബാക്കിയുണ്ട്. അതിനാൽ തന്നെ എല്ലാവർക്കും ഈ ഫീച്ചർ ലഭിക്കുമോയെന്ന കാര്യത്തിൽ ഉറപ്പ് പറയാറായിട്ടില്ല.
പുതിയ ഫീച്ചറായതിനാൽ പരീക്ഷിച്ച് ഉറപ്പ് വരുത്താതെ ഉപഭോക്താക്കൾക്ക് ലഭ്യമാവുകയുമില്ല.
