Trending

ഉത്തര്‍പ്രദേശില്‍ മുസ്‌ലിം ലീഗിന് ആകെ നേടാനായത് 130 വോട്ട്; പരീക്ഷണം പാളി


ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ മത്സരിച്ച മുസ്‌ലിം ലീഗിന് നിരാശ. മെച്ചപ്പെട്ട വോട്ടുകള്‍ നേടാനാവാത്തതാണ് ലീഗിനെ നിരാശയിലാഴ്ത്തിയത്.

ആഗ്ര സൗത്ത് മണ്ഡലത്തിലാണ് ലീഗ് മത്സരിച്ചത്. മുഹമ്മദ് കാമില്‍ അബ്ദുല്ലയായിരുന്നു സ്ഥാനാര്‍ത്ഥി. 130 വോട്ടാണ് മുഹമ്മദിന് നേടാനായത്. ആകെ വോട്ടിന്റെ 0.06 വോട്ടുകള്‍.

മണ്ഡലത്തില്‍ ബിജെപിയുടെ യോഗേന്ദ്ര ഉപാധ്യായയാണ് വിജയിച്ചത്. 56,640 വോട്ടുകള്‍ക്കാണ് വിജയം. എസ്പി രണ്ടാം സ്ഥാനത്തെത്തി. എസ്പി സ്ഥാനാര്‍ത്ഥിയായ വിനയ് അഗര്‍വാളിന് 52,622 വോട്ടുകള്‍ നേടി.

ബിഎസ്പിയുടെ രവി ഭരദ്വാജ് 38,219 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. കോണ്‍ഗ്രസിന്റെ അനുജ് ഷര്‍മ്മ 4867 വോട്ടാണ് നേടിയത്.

സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനായിരുന്നു ലീഗ് തീരുമാനം. ഉന്നാവ മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളുകയായിരുന്നു.

രാഷ്ട്രീയ പരിവര്‍ത്തന്‍ മോര്‍ച്ചയെന്ന മുന്നണിയുടെ ഭാഗമായാണ് ലീഗ് മത്സരത്തിനിറങ്ങിയത്. ബഹുജന്‍ മുക്തി പാര്‍ട്ടി, രാഷ്ട്രീയ ബഗീധാരി പാര്‍ട്ടി, ഇന്‍സാഫ് പാര്‍ട്ടി, രാഷ്ട്രീയ സത്യഗ്രഹ് പാര്‍ട്ടി, ലോക് താന്ത്രിക സജഹ് പാര്‍ട്ടി, വഞ്ചിത് സമാജ് ഇന്‍സാഫ് പാര്‍ട്ടി, സെക്യുലര്‍ ഇന്‍ക്വുലാബ് പാര്‍ട്ടി, പിച്ചട സമാജ് എന്നീ പാര്‍ട്ടികളാണ് ലീഗിനെ കൂടാതെ മുന്നണിയിലുണ്ടായിരുന്നത്.

18ാം യുപി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 36 മുസ്‌ലിം എംഎല്‍എമാരുണ്ട്. കഴിഞ്ഞ തവണ 34 മുസ്‌ലിം എംഎല്‍എമാരാണുണ്ടായിരുന്നത്.

ആകെയുള്ള എംഎല്‍എമാരുടെ 8.93% ആണിത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 20 ശതമാനത്തിലധികം മുസ്‌ലിം ജനവിഭാഗങ്ങളാണ്.

അസം ഖാന്‍, അദ്ദേഹത്തിന്റെ മകന്‍ അബ്ദുള്ള അസം ഖാന്‍, മുക്താര്‍ അന്‍സാരിയുടെ മകന്‍ അബ്ബാസ്, അനന്തരവന്‍ മന്നു, അലാം ബാദി എന്നിവര്‍ ഇത്തവണ ജയിച്ചു കയറിയ മുസ്‌ലിം എംഎല്‍എമാരില്‍ പ്രമുഖരാണ്. കൈരാനയില്‍ എസ്പിയുടെ നാഹിദ് ഹസനാണ് വിജയിച്ചത്..

നിസാമാബാദില്‍ നിന്നാണ് എസ്പിയുടെ മുതിര്‍ന്ന നേതാവായ, 85കാരന്‍ അലാം ബാദി വിജയിച്ചത്. 64 മുസ്‌ലിം സ്ഥാനാര്‍ത്ഥികളെയാണ് എസ്പി മത്സരിപ്പിച്ചത്.

ബിഎസ്പി 88 മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് 75 പേരെയാണ് സ്ഥാനാര്‍ത്ഥികളാക്കിയത്. ഉവൈസിയുടെ എഐഎംഐഎം 60ലധികം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചെങ്കിലും മുസ്‌ലിം വോട്ടര്‍മാര്‍ എസ്പിക്കൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post