പൂവാർ :ആറ്റുപുറത്തെ സ്വകാര്യ റിസോർട്ടിലെ കുളത്തിൽ എഴ് വയസ്സുകാരിയായ അന്ന തെരേസ മുങ്ങി മരിച്ചു.
കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ ഫ്രാങ്ക്ലിൻ സണ്ണി–റിയ ദമ്പതികളുടെ മകളാണ് അന്ന.
രക്ഷിതാക്കൾക്കും സഹോദരങ്ങൾക്കും ബന്ധുക്കൾക്കും ഒപ്പം അവധിദിനം ആഘോഷിക്കാനെത്തിയപ്പോളായിരുന്നു അപകടം.
ഒരു ദിവസത്തെ താമസത്തിന് എത്തിയ നാല് കുട്ടികളും, എട്ട് മുതിർന്നവരും അടങ്ങുന്ന സംഘത്തിലെ അംഗമായിരുന്നു അന്ന. തിങ്കഴാച ഉച്ചയ്ക്ക് 1.05ന് സംഘം റിസോർട്ടിൽ എത്തി.
റിസപക്‌ഷനിലെ ഇടപാടുകൾക്ക് മുതിർന്നവർ പോയ സമയത്ത് അന്ന കുളത്തിൽ ഇറങ്ങി എന്നാണ് നിഗമനം. പാവക്കുട്ടി നനയാതിരിക്കാൻ പടിയിൽ ഇരുത്തിയ ശേഷമാണ് കുളത്തിൽ ഇറങ്ങിയത്.
അന്നക്കൊപ്പം ഇളയ സഹോദരങ്ങളായ ജേക്കബ്, ആന്റണി, ജൂഡ്. എന്നിവരും റിസോർട്ടിൽ എത്തിയ സംഘത്തിൽ ഉണ്ടായിരുന്നു. മറ്റുള്ളവർക്കൊപ്പം അന്ന പോയതായി കരുതിയ ബന്ധുക്കൾ പതിനഞ്ച് മിനിട്ടിനു ശേഷമാണ് കൂട്ടത്തിൽ ഇല്ലെന്നറിയുന്നത്.
തുടർന്ന് തിരച്ചിലായി. കുളത്തിന്റെ പടിക്കെട്ടിൽ പാവയാണ് ആദ്യം കാണുന്നത്. പടിക്കെട്ടുകൾക്കു സമീപം പൊങ്ങി കിടന്ന കുഞ്ഞിനെ കണ്ടെടുക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നു. റിസോർട്ടിലെ ഡോക്ടർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പൂവാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ചു.
സ്കൂളിലെ കൂട്ടുകാർക്കും അയൽവാസികൾക്കും അന്ന മിടുക്കിയുടെ മരണ വാർത്ത ഇനിയും വിശ്വസിക്കാനാകുന്നില്ല. ഫ്രാങ്കളിൻ സണ്ണി– റിയ ദമ്പതികളുടെ അന്ന, ജേക്കബ്, ആന്റണി, ജൂഡ്. എന്നീ നാലുമക്കളിൽ ജൂഡ് ഒഴികെ മറ്റ് മൂവരും വട്ടിയൂർക്കാവ് ഗ്രേസ് വില്ലയിൽ ഫ്രാങ്ക്ളിന്റെ സഹോദരി സോയയ്ക്കൊപ്പമായിരുന്നു താമസം.
രണ്ടാം ക്ലാസുകാരിയായ അന്ന നാലുവർഷമായി ഇവിടെയാണ്. അന്നയ്ക്ക് സ്കൂൾ തുറന്നെങ്കിലും പിതാവും അമ്മയും ബന്ധുക്കളുമൊക്കെയെത്തിയതിനാൽ പെട്ടന്നാണ് പാറശാലയിലെ റിസോർട്ടിലേക്കുള്ള യാത്ര ആസുത്രണം ചെയ്തത്. സ്കൂളിൽ പോകുന്നത് ഒഴിവാക്കിയാണ് എല്ലാവരും റിസോർട്ടിലേക്ക് പോയത്.
Tags:
Latest News
