യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുബിനെതിരെ പരാതി നല്‍കിയ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരാതി നല്‍കിയതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് യുവതി കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ടുകൊണ്ടിരുന്നത്. യുവതിയെ മോശക്കാരിയാക്കി ചിത്രീകരിച്ച് കൊണ്ടാണ് സൈബര്‍ ലോകത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രചരണം നടത്തിയത്. യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ വേണ്ടി സൃഷ്ടിച്ച ടെലിഗ്രാം ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ശോഭാ സുബിന്‍ തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു കയ്പമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പരാതി. ശോഭാ സുബിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്സല്‍ എന്നിവര്‍ക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. തന്റെ പേരും പദവിയും സഹിതം മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ മതിലകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലുര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയിലാണ് മതിലകം പൊലീസ് കേസെടുത്തത്. പരാതിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ യുവതിയെ സമീപിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കയ്പമംഗലമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ശോഭ സുബിന്‍.
Tags:
Latest News
