Trending

ഐ എൻ എൽ പിളർപ്പ് പൂർണം; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് വഹാബ് പക്ഷം


ഐ എൻ എൽ ഔദ്യോ​ഗികമായി പിളർന്നു. വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി എ പി അബ്ദുൽ വഹാബിനെയും ജന.സെക്രട്ടറിയായി നാസർകോയ തങ്ങളെയും ട്രഷററായി വഹാബ് ഹാജിയെയും തെരഞ്ഞെടുത്തു.

എ.പി അബ്ദുൽ വഹാബ് പക്ഷം വിളിച്ച് ചേർത്ത ഐ എൻ എൽ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഔദ്യോ​ഗിക പക്ഷം തന്റേതെന്നും ഇക്കാര്യം എൽഡിഎഫിനെ ബോധ്യപ്പെടുത്തുമെന്നും എ.പി അബ്ദുൽ വഹാബ് പറഞ്ഞു.

നേരത്തേ ദേശീയ കമ്മറ്റി സംസ്ഥാന കമ്മറ്റിയും കൗൺസിലും പിരിച്ച് വിട്ടിരുന്നു. ഈ തീരുമാനം തള്ളിക്കളയാനാണ് വഹാബ് പക്ഷം യോഗം ചേർന്നത്. 91 കൗൺസിൽ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. യോ​ഗം അവസാനിക്കുന്നതിനു മുന്നേ തന്നെ പാർട്ടിയിൽ നിന്ന് പുറത്തായേക്കാമെന്ന് അബ്ദുൽ വഹാബ് പറഞ്ഞിരുന്നു.

ഐ എൻ എല്ലിന്റെ ചരിത്രം ഉയർത്തി കാട്ടി അംഗങ്ങളിൽ ആവേശം പകർന്നാണ് അബ്ദുൾ വഹാബ് സംസാരിച്ച് തുടങ്ങിയത്. മുന്നണി രാഷ്ട്രീയത്തിൽ വലിയ സ്വീകാര്യത ലഭിക്കുന്ന ഈ ഘട്ടത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള നിഗൂഡ ശ്രമങ്ങൾ നടക്കുന്നുവെന്ന് വഹാബ് തുറന്നടിച്ചു. തുടർന്ന് ദേശീയ പ്രസിസന്റിനെതിരെയും മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരേയും രൂക്ഷ വിമർശനം ഉയർത്തി. പ്രസിഡന്റിനെ പുറത്താക്കാൻ അഡ്‌ഹോക്ക് കമ്മറ്റി ദേശീയ കമ്മറ്റിക്ക് ശുപാർശ ചെയ്തതിനെതിരെയും വഹാബ് പൊട്ടിത്തെറിച്ചു.

‌‌കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഐഎൻഎൽ ഇല്ലെന്നും ഇക്കാര്യം ദേശീയ പ്രസിഡന്റിനോട് സൂചിപ്പിച്ചതാണ് തനിക്കെതിരെ തിരിയാൻ കാരണമെന്നും അബ്ദുൽ വഹാബ് പറഞ്ഞു. ആളുകളെ പുറത്താക്കലാണ് ദേശീയ നേതൃത്വത്തിൻറെ പ്രധാന ജോലിയെന്നും വഹാബ് പറഞ്ഞു. 

ഗ്രൂപ്പ് ചെയർമാനായി മന്ത്രി അഹമ്മദ് ദേവർ കോവിൽ മാറിയെന്നും ഇടതുമുന്നണിയിലെ തന്നെ മറ്റൊരു എംഎൽഎയെ ഐഎൻഎല്ലുമായി കൂട്ടിക്കെട്ടിയത് ശരിയായില്ലെന്നും യോഗം വിലയിരുത്തി. കാസിം ഇരിക്കൂർ പക്ഷത്തുള്ളവർ നിലപാട് തിരുത്തി തിരികെ വരുന്നതിനെ എതിർക്കില്ലെന്നുള്ള നിലപാടും സ്വീകരിച്ചിട്ടുണ്ട്. മാർച്ച് 31ന് മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയാകുന്നതോടെ പുതിയ സംസ്ഥാന കൗൺസിൽ നിലവിൽ വരും. ദേശീയ നേതൃത്വം ആവശ്യമെങ്കിൽ ആ ഘട്ടത്തിൽ ആലോചിക്കാനാണ് പുതിയ കമ്മറ്റിയുടെ തീരുമാനം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post