താമരശ്ശേരി: താമരശ്ശേരി കേന്ദ്രീകരിച്ച് ജില്ലയിൽ സമാന്തര എഴുത്തു ലോട്ടറി വിൽപന സജീവം. ലോട്ടറി വിൽപ്പന കേന്ദ്രങ്ങൾ വഴിയാണ് ഈ ചൂതാട്ടം നടക്കുന്നത്. ഒരുകാലത്ത് സംസ്ഥാനത്ത് സജീവമായിരുന്ന സൂപ്പർ ലോട്ടോ മാതൃകയിലാണ് ഇതിന്റെ പ്രവർത്തനം. പ്രധാന നിയന്ത്രണം താമരശ്ശേരി കേന്ദ്രീകരിച്ചാണെങ്കിലും, കട്ടാങ്ങൽ, മുക്കം, ഫറോക്ക്, വടകര, കൊയിലാണ്ടി, പേരാമ്പ്ര തുടങ്ങി എല്ലാ ഇടങ്ങളിലും വിൽപ്പന കേന്ദ്രങ്ങളുണ്ട്.
കുറഞ്ഞത് ഒന്നു മുതൽ 5 ലക്ഷം രൂപ വരെയുള്ള ചൂതാട്ടമാണ് എഴുത്തു വഴി നടക്കാറുള്ളത്. വിൽപ്പന കേന്ദ്രത്തിൽ വെച്ചിരിക്കുന്ന ടിക്കറ്റുകൾ വെറും കാഴ്ചയ്ക്ക് മാത്രമാണ്. ഇവിടങ്ങളിലെ ഇടനിലക്കാരാണ് എഴുത്ത് നിയന്ത്രിക്കുന്നത്.
സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനാർഹമായ ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്കവും എഴുതിക്കൊടുത്ത മൂന്നക്കവും ഒത്തുവന്നാൽ സമ്മാനം ലഭിക്കും. 10 രൂപയ്ക്കാണ് എഴുതുന്നതെങ്കിൽ 5000 രൂപയും, 20- ന് 10000 രൂപയും 50- ന് 25000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. ഇത്തരം എഴുത്ത് ലോട്ടറികൾ എടുക്കുമ്പോൾ തിരികെ ലഭിക്കുന്നത് സീരിയൽ നമ്പറോടു കൂടി എഴുതിക്കൊടുത്ത മൂന്നക്ക നമ്പർ മാത്രം എഴുതിയ ചെറിയ കടലാസ് മാത്രം.
വാട്ട്സ്ആആപ്പ് വഴിയും വിൽപ്പന വ്യാപകമായി നടക്കുന്നുണ്ട്. ഇഷ്ട നമ്പർ വാട്ട്സ്ആപ്പ് വഴി വിൽപ്പനക്കാരനെ അറിയിക്കുകയും, തുക ഫോൺ വഴി തന്നെ ട്രാൻസ്ഫർ ചെയ്യുകയും ചെയ്യുന്നതാണ് രീതി.
ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്ന പാവപ്പെട്ട വിൽപ്പനക്കാരെയാണ് ഇത് ബാധിക്കുന്നത്. 40 രൂപയാണ് ഒരു സംസ്ഥാന ലോട്ടറിയുടെ വില. എന്നാൽ ഇതിലും കുറഞ്ഞ തുക മുടക്കിയാൽ മൂന്ന് എഴുത്തു ലോട്ടറി ലഭിക്കുമെന്നതിനാൽ പ്രായഭേദമെന്യേ ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നു. മറ്റുള്ളവരുടെ വിജയഗാഥകൾ പറഞ്ഞുള്ള മൊബൈൽ വാട്സാപ്പ് സന്ദേശങ്ങൾ വഴിയും ആൾക്കാർ ഇതിലേക്കെത്തുന്നു.
ടിക്കറ്റും രേഖകളുമില്ലാത്ത ഈ രഹസ്യവിൽപ്പനയിൽ സർക്കാർ ഖജനാവിൽ എത്തേണ്ട തുകയാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി പണമെത്തുന്ന വഴികൾ അജ്ഞാതമാണ്.
