ബംഗളൂരു: കർണാടകയിലെ ഹിജാബ് വിവാദത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ കർണാടക ഹൈകോടതി. കേസിൽ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി തുടരാനാണ് നിർദേശം. കോളജുകൾ എത്രയും വേഗം തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇതുവരെ മതാചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധം പിടിക്കരുതെന്നും കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുമ്പോൾ നടത്തുന്ന വാക്കാൽ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോടും ഹൈകോടതി നിർദേശിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച ഹൈകോടതി സിംഗിൾ ബെഞ്ച് കേസ് വിശാല ബെഞ്ചിന് വിടുകയായിരുന്നു.
അതേസമയം, കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും സംയമനം പാലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഭ്യർഥിച്ചു. രാഷ്ട്രീയക്കാരുൾപ്പടെ ആരും പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
