രണ്ടാനച്ചന്റെ ക്രൂര മർദ്ദനത്തിന് ഇരയായ രണ്ട് വയസ്സുകാരി ഗുരുതരാവസ്ഥയിൽ. തലയ്ക്ക് പരിക്കേറ്റ കുട്ടി കോലഞ്ചരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻഡിലേറ്ററിലാണ്.
ഇന്ന് പുലർച്ചെയോടെയാണ് രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധനയിൽ ഡോക്ടർമാർ വ്യക്തമാക്കി. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയത്. കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ നൽകിയ മൊഴി എന്നാൽ കുഞ്ഞിനെ മർദ്ദിച്ചതാണെന്നാണ് അമ്മൂമ്മ പറഞ്ഞത്. ഇതോടെയാണ് സംഭവത്തിൽ സംശയം തോന്നിയ ഡോക്ടർമാർതൃക്കാക്കര പൊലീസിനെ വിവരം അറിയിച്ചത്.
തുടർന്ന് ആശുപത്രിയിൽ എത്തിയ പൊലീസ് അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ രണ്ടാനാച്ഛനാണ് കുഞ്ഞിനെ മർദ്ദിച്ചത് എന്ന് വ്യക്തമായി. തൃക്കാക്കര തെങ്ങോലയിലെ കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് അയൽവാസികളുടെ മൊഴിയെടുത്തു. കുട്ടിയുടെ മാതാവ് ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണെന്നാണ് പൊലീസ് പറയുന്നു. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനായി പൊലീസ് അന്വേഷണം ശക്തമാക്കി.
കുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ തന്നെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചുവെന്നും ഡോക്ടർമാർ പറയുന്നു. പഴംതോട്ടം ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. പിന്നീട് പരിക്ക് ഗുരുതരമായതിനാൽ കോലഞ്ചേരിയിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്ത് കാര്യമായ പരിക്കുകളുണ്ടെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ ദിവസം മാത്രമല്ല കഴിഞ്ഞ കുറച്ചധികം ദിവസമായി കുട്ടിക്ക് നിരന്തരം പരിക്കേറ്റിരുന്നുവെന്നുമാണ് ഡോക്ടർമാരുടെ നിഗമനം. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. രണ്ട് കൈയും ഒടിഞ്ഞ നിലയിലാണ്. എന്നാൽ കുട്ടി സ്വയം പരിക്കേൽപ്പിച്ചുവെന്നാണ് അമ്മ നൽകുന്ന മൊഴി.
Tags:
Latest News
